കോഴിക്കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും അഞ്ചുദിവസമായി നിര്‍ത്തിവെച്ച ശുദ്ധജല വിതരണം പുനസ്ഥാപിച്ചു. വൈകിട്ട് മൂന്നുമണിയോടെ എല്ലായിടത്തും പൂര്‍ണതോതില്‍ വെള്ളമെത്തുമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദേശീയപാത വികസനത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ടാണ് പെരുവണ്ണാമൂഴിയിൽ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചത്. വേങ്ങേരിക്കും മലാപ്പറമ്പിനുമിടയില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞദിവസം രാത്രിയോടെ പണി പൂര്‍ത്തിയായി. തുടര്‍ന്നാണ് ജലവിതരണം പുനസ്ഥാപിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷനിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലും 13 പഞ്ചായത്തുകളിലുമായാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പെ അറിയിപ്പ് നല്‍കിയിരുന്നതിനാല്‍ വെള്ളം ശേഖരിച്ചുവയ്ക്കാനായി. ഇതിന് പുറമെ ആവശ്യമായ സ്ഥലങ്ങളില്‍ ജലഅതോറിറ്റിയും ടാങ്കറില്‍ വെള്ളമെത്തിച്ചിരുന്നു.