എലത്തൂര്‍ പാര്‍ക്ക് നാശത്തിന്‍റെ വക്കിലെത്തിയിട്ടും തിരിഞ്ഞുനോക്കാതെ കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍. കുട്ടികള്‍ക്ക് കളിക്കാനായി നിര്‍മിച്ച ഉപകരണങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായി. പാര്‍ക്കില്‍ ലഹരിമരുന്ന് മാഫിയ തമ്പടിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു
പ്രകൃതിയുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന എലത്തൂരിലെ പുഴയോരത്താണ് പാര്‍ക്കുള്ളത്. കണ്ടല്‍ക്കാടുകളും പക്ഷികളും ജൈവവൈവിധ്യങ്ങളും കൂടിച്ചേരുന്ന പുഴയോരം ടൂറിസം കേന്ദ്രമാക്കുന്നതിന്‍റെ ഭാഗമായാണ് പാര്‍ക്ക് നിര്‍മിച്ചത്. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കാതെയായതോടെ പാര്‍ക്ക് സാമൂഹികവിരുദ്ധര്‍ കൈയേറി
ബോട്ടിങ് അടക്കം ആസൂത്രണം ചെയ്തിരുന്നെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. പാര്‍ക്കിനുള്ളിലെ ലൈറ്റുകളും കത്താറില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. 2014 ല്‍ ആണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പാര്‍ക്ക് നിര്‍മിച്ചത്. രണ്ടര കോടി രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. ലഹരിമരുന്ന് ഉപയോഗവും ചോദ്യം ചെയ്തത്തിന് സാമൂഹികവിരുദ്ധര്‍ നാട്ടുകാരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സുരക്ഷാജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാനാവശ്യം.