സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അല്‍ക്ക ഷിനോജ് പരിശീലനത്തിന് സൗകര്യമില്ലാതെ വലയുന്നു. ദേശീയമല്‍സരത്തിന് തയാറെടുക്കുമ്പോള്‍ അല്‍ക്കയ്ക്ക് ഒരു നല്ല മൈതാനം പോലുമില്ലെന്നതാണ് വെല്ലുവിളി.
ചെമ്പ്ര സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ക്ക. കായിക പരിശീലകന്‍ കെ എം പീറ്ററിന്‍റെ നേതൃത്വത്തിലുള്ള ജോര്‍ജിയന്‍ അക്കാദമിയാണ് അല്‍ക്കയടക്കം നൂറോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നത്.
അല്‍ക്ക കൂടാതെ രണ്ട് വിദ്യാര്‍ഥികളും ദേശീയതലത്തില്‍ മല്‍സരിക്കാന്‍ തയാറെടുക്കുന്നു. രണ്ട് ഒളിപ്യന്‍മാരും, ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവും നാല് ഏഷ്യന്‍ ഗെയിംസ് താരങ്ങളുമുള്ള ഒരു നാട്ടിലാണ് ഈയവസ്ഥ. മൂന്ന് പരിശീലകരുണ്ട് സ്കൂളില്‍. നല്ല മൈതാനവും ഹോസ്റ്റര്‍ സൗകര്യവും ലഭിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പരിശീലനം ഉറപ്പുവരുത്താനാകും. സ്കൂള്‍ മാനേജ്മെന്റ് പരമാവധി സഹായം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടല്‍ കൂടി ഉണ്ടാകണമെന്നാണ് ആവശ്യം.