ആനയെ വാങ്ങാന്‍ കാശുണ്ട്, തോട്ടി വാങ്ങാനില്ല എന്ന സ്ഥിതിയിലാണ് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ്. കോഴിക്കോട് പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷന് വേണ്ടി നിര്‍മിച്ച കെട്ടിടം കഴിഞ്ഞ എട്ടുമാസമായി നോക്കുകുത്തിയാണ്. കെട്ടിടനിര്‍മാണം പൂര്‍ത്തിയായെങ്കിലും ചുറ്റുമതില്‍ നിര്‍മാണം നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനായതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനുമാകില്ല.
ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ആഢംബര കെട്ടിടം. സംശയിക്കണ്ട, ഇത് തന്നെയാണ് പെരുവണ്ണാമുഴി പൊലിസ് സ്റ്റേഷന് വേണ്ടി നിര്‍മിച്ച കെട്ടിടം. എല്ലാ സജ്ജീകരണങ്ങളോടെ മൂന്ന് നിലകളിലായാണ് നിര്‍മാണം. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയാക്കാനുണ്ടായ ആവേശം പിന്നീടുണ്ടായില്ല.
വാടക കെട്ടിടത്തില്‍ നിന്ന് പെരുവണ്ണാമുഴി പൊലിസ് സ്റ്റേഷന് മോചനം നേടാനുമായില്ല. ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയ 50 സെന്‍റ് ഭൂമിയിലാണ് പുതിയ കെട്ടിടം പണിഞ്ഞത്. ആദ്യഘട്ടമായി 1.46 കോടി രൂപ അനുവദിച്ചു. എന്നാല്‍ ചുറ്റുമതില്‍, പാര്‍ക്കിങ് സൗകര്യം എന്നിവയ്ക്കായുള്ള തുക അനുവദിച്ചില്ല. ഇതാണ് പ്രതിസന്ധിയായത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനായതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനുമാകില്ല.
അധികൃതര്‍ മനസുവച്ചാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തിലേയ്ക്ക് മാറാവുന്നതേയുള്ളൂ. അതിനുള്ള ഇച്ഛാശക്തി കാട്ടണമെന്ന് മാത്രം.