കോഴിക്കോട്ടുകാര്‍ക്ക് സിനിമയുടെ മായികലോകം പരിച്ചയപ്പെടുത്തിയ രാധാ തിയറ്ററിന് 100 വയസ്. രാധയില്‍ ഇരുന്ന് കയ്യടിച്ചിട്ടില്ലാത്ത സിനിമാപ്രേമികള്‍ കോഴിക്കോട് നഗരത്തില്‍ ഇല്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മിഠായിത്തെരുവിലെ ക്ലൈമാക്സില്ലാത്ത കച്ചവടത്തിരക്ക്. അതിന്റ ഒത്ത നടുവിലാണ് കോഴിക്കോട്ടുകാരുടെ ഖല്‍ബ് കവര്‍ന്ന സിനിമ ടാക്കീസ്. തലമുറകളുടെ പ്രണയവും വിരഹവും ആവേശവുമൊക്കെ അഭ്രപാളികളില്‍ മിന്നിമറഞ്ഞയിടം. ഇംഗ്ലീഷ് സിനിമകള്‍ തിരിതെളിച്ച വെള്ളിത്തിരയില്‍ പിന്നീട് എത്രയോ ഭാഷകളിലെ കഥകളും കഥാപാത്രങ്ങളും വന്നുപോയി.
1925 ല്‍ യു.ഭവാനി റാവു ഡട്ട് എന്നൊരാള്‍ തന്‍റെ ഭാര്യയുടെ പേരില്‍ തുടങ്ങിയ കൊട്ടക. കെട്ടിലും മട്ടിലും മദിരാശിയിലെയും മുംബെയിലേയും തിയേറ്ററുകളോട് കിടപ്പിടിച്ചു. 20,000 രൂപ ചിലവില്‍ നിര്‍മിച്ച തിയേറ്ററില്‍ ഒരിക്കല്‍ പോലും ആളൊഴിഞ്ഞില്ല .
കാഴ്ച്ചയുടെ അത്ഭുതങ്ങളിലേക്ക് വെളിച്ചം വിതറിയ ഒരു പ്രൊജക്ടര്‍ ഈ പൂമുഖത്തുണ്ട്. സിനിമയെ അല്‍ഭുതവും അനുഭൂതിയുമാക്കി മാറ്റിയ ഒരു കാലത്തിന്‍രെ ഓര്‍മ്മയ്ക്ക്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് 4 കെ മികവിലേക്ക് കാഴ്ചയുടെ ലോകം വളര്‍ന്നപ്പോള്‍ രാധാ പിക്ചേഴ്സ് , മാജിക് ഫ്രെയിംസ് കമ്പനി ഏറ്റെടുത്തു.
ചുറ്റും അന്നും ഇന്നും മിഠായിമധുരവും പുത്തന്‍ കുപ്പായത്തിന്റ മണവുമാണ്..അതുകൊണ്ടാവണം നൂറിന്റ പ്രൗഢിയിലും രാധയിലെ കാഴ്ച്ചാനുഭവത്തിന് ഇത്ര പുതുമ .