നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലുമെന്നുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിന്‍റെ തീരുമാനത്തിന് പിന്നാലെ പഞ്ചായത്തും വനംവകുപ്പും നേർക്കുനേർ. ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ 'ഓണററി വൈൽഡ് ലൈഫ് വാർഡൻ' അധികാരം റദ്ദാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിലേക്ക് ശുപാർശ ചെയ്തു. വനം വകുപ്പിന്റേത് പ്രതികാര നടപടിയെന്നും കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ.സുനിൽ പറഞ്ഞു.
60 ശതമാനം വനഭൂമിയായ ചക്കിട്ടപ്പാറ പഞ്ചായത്തിൽ വന്യ ജീവികളാൽ ജനം പൊറുതി മുട്ടാൻ തുടങ്ങിയിട്ട് കാലം ഏറെയായി. നാട്ടിലിറങ്ങുന്ന വന്യ ജീവികളെ 20 എംപാനൽ ഷൂട്ടർമാരെ ഉപയോഗിച്ചു കൊല്ലുമെന്ന് പഞ്ചായത്ത് തീരുമാനം എടുത്തതിന് പിന്നാലെയാണ് , ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പ്രസിഡൻ്റിനു നൽകിയ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനം അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ ചെയ്തത്. ഭരണഘടന വിരുദ്ധവും രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആഹ്വാനമെന്നും റിപ്പോർട്ടിലുണ്ട്.
പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക് ഓണററി പദവി നൽകിയത് മന്ത്രിസഭ തീരുമാനമായതിനാൽ ഒരാളുടെ പദവി എടുത്ത് കളയാൻ മന്ത്രിസഭ തീരുമാനിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തും.