കണ്ണൂരില്‍ കാട്ടുപന്നി കര്‍ഷകനെ കൊന്നതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ശ്രീധരന്‍റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് മൊകേരിയില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചു. വന്യമൃഗ ആക്രമണം തടയുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പാനൂർ മൊകേരിയിൽ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ വള്ള്യായി സ്വദേശി ശ്രീധരന്‍ മരിച്ചത്. ശ്രീധരന്‍റെ ശരീരമാസകലം പന്നി കുത്തിക്കീറിയതായി നാട്ടുകാർ മനോരമ ന്യൂസിനോട് പറഞ്ഞു. കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ ആഴത്തിൽ മുറിവുകള്‍ ഉണ്ടായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാണുന്നത് കൃഷിയിടത്തിൽ രക്തം വാർന്നു കിടക്കുന്ന ശ്രീധരനെയാണ്. ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
കൊലയാളി കാട്ടുപന്നിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ആക്രമണം നടന്ന വയലിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കശുവണ്ടി തോട്ടത്തിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പന്നിക്കായുള്ള തിരച്ചിലിനിടയാണ് ജഡം കണ്ടെത്തിയത്. വെടിവെച്ച് കൊല്ലാനുള്ള നീക്കം നടന്നുവരുന്നതിനിടെയാണ് സംഭവം. വനം വകുപ്പ് തുടർനടപടികൾ സ്വീകരിക്കും.
അതേസമയം, സംഭവം നടന്ന പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിന് അടുത്തായി സ്ഥലം അളക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ടുപേർ കാട്ടുപന്നിയെ കണ്ട് ഓടുന്നതിനിടെ നിലത്ത് വീണു പരിക്കേറ്റു. കാലിന് നിസ്സാരപരിക്കുകൾ മാത്രമാണുള്ളത്. മുതിയങ്ങ വയലിൽ കാട്ടുപന്നികൾ പതിവായി ഇറങ്ങാറുണ്ടെങ്കിലും ആക്രമണവും മരണവും ആദ്യമാണ്.