പൊലീസിന്‍റെയും മോട്ടോര്‍ വാഹനവകുപ്പിന്‍റെയും പരിശോധനകള്‍ കുറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് റോഡ് റൂട്ടിലടക്കം വീണ്ടും സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍. ഇതിനിടെ 117 നിയമലംഘനങ്ങള്‍ നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. റൂട്ടില്‍ സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും പതിവാണ്.
കഴിഞ്ഞ ഫെബ്രുവരി നാലിനാണ് അരയിടത്ത് പാലത്ത് അമിതവേഗതയിലെത്തിയ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞതിന് പിന്നാലെയാണ് പൊലീസും മോട്ടോര്‍വാഹനവകുപ്പും നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയത്. നിയമം ലംഘിച്ച ഒട്ടേറെ സ്വകാര്യബസുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. മാത്രമല്ല വേഗപരിധി 30 കിലോമീറ്ററായി ചുരുക്കുകയും ചെയ്തു. എന്നാല്‍ പരിശോധന പിന്നീട് പേരിന് മാത്രമായതോടെ വീണ്ടും പഴയപടിയായി കാര്യങ്ങള്‍.
കഴിഞ്ഞദിവസം തൊണ്ടയാട് സിഗ്നലില്‍ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് വിജിലന്‍സ് എസ്പിയുടെ കാറിന് പിന്നില്‍ ഇടിച്ചിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗതാഗതനിയമം ലംഘിച്ചത് 117 കേസുകളുള്ള ചീറ്റപ്പുലി ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്ന സര്‍വ്വീസുകള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം