എട്ടു വര്‍ഷമായി പമ്പിങ് സബ്സിഡി കിട്ടാതായതോടെ മലപ്പുറം പൊന്നാനി കോള്‍പ്പാടത്തെ 642 കര്‍ഷകര്‍ പ്രതിസന്ധിയില്‍. അടിസ്ഥാന കോള്‍പ്പാട രജിസ്റ്റര്‍ പുതുക്കാത്തതാണ് കര്‍ഷക ദുരിതത്തിന് കാരണം.
പൊന്നാനി കോലത്തുപാടത്ത് 675 ഏക്കറിലാണ് കൃഷി. 642 കര്‍ഷകരാണ് രാപകലില്ലാതെ പാടത്ത് വിയര്‍പ്പൊഴുക്കുന്നത്. ആലങ്കോട്, നന്നംമുക്ക്, എടപ്പാള്‍, പഞ്ചായത്തു പരിധികളിലെ കോലത്തുപാടം നെല്‍കൃഷി കമ്മിറ്റിക്കു കീഴിലുള്ളതാണ് ഈ പാടശേഖരം. ഏക്കറിന് 1800 രൂപവെച്ചാണ് സര്‍ക്കാര്‍ പമ്പിങ് സബ്സിഡി ആയി നല്‍കുന്നത്. പാടശേഖരത്തില്‍ നിന്ന് പമ്പിങ് സബ്സിഡിയായി ഒരു വര്‍ഷം മാത്രം 12 ലക്ഷത്തില്‍പരം രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. എട്ടു വര്‍ഷത്തെ ഒരു കോടിയോളം രൂപ കുടിശികയാണ്.
അടിസ്ഥാന രേഖകള്‍ സമര്‍പ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൃശൂര്‍ പുഞ്ച സ്പെഷ്യല്‍ ഓഫീസറില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിച്ച മറുപടി. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ അടിയന്തിരമായി കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് കമ്മറ്റിയുടെ ആവശ്യം. ദുരിതം കാണിച്ച് കൃഷി മന്ത്രിക്കടക്കം കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്. വിത്ത്, വളം, കീടനാശിനി ഉത്പാദന ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കര്‍ഷകന് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. അതുപോലെ പമ്പിങ് സബ്സിഡിയും ഇടനിലക്കാരില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.