nilambur-wild-elephant

TOPICS COVERED

മലപ്പുറം നിലമ്പൂരിൽ കുറുമ്പലങ്ങോട് ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി സൃഷ്ടിക്കുന്ന കാട്ടാനയെ തുരത്താൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി വനം വകുപ്പ്. സന്ധ്യയോടെ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന പ്രദേശവാസികൾക്ക് ഭീഷണിയായതോടെയാണ് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കുന്നത്. 

 

പകൽ സമയത്ത് ജനവാസ മേഖലയോട് ചേർന്ന് വനാതിരുത്തിയിലാണ് കാട്ടാന നിലയുറപ്പിക്കുന്നത്. സന്ധ്യയോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങും. പ്രദേശവാസികളുടെ കൃഷി ഭൂമിയിൽ കയറുന്ന കൊമ്പൻ കൃഷി അത്രയും നശിപ്പിച്ചാണ് മടക്കം. കഴിഞ്ഞദിവസം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയ്ക്കായുള്ള തിരച്ചിലിലാണ് വനം വകുപ്പ്. 

എരുമമുണ്ട, കുറുമ്പലങ്ങോട്, വെള്ളിമുറ്റം, ചെമ്പൻകൊല്ലി, തുടങ്ങിയ പ്രദേശങ്ങളിലാണ് കൊമ്പൻ ഭീതി പരത്തുന്നത്. മലപ്പുറം എം എസ്പിയിൽ നിന്നാണ് കൊമ്പനെ തിരയാൻ ഡ്രോൺ എത്തിച്ചത്. എന്നാൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ആനയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. മഴ തിരച്ചിലിന് തടസ്സമായെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നും പരിശോധന തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം.