മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ഇരുട്ടടിയായി മലപ്പുറം താനൂർ ഹാർബറിൽ പ്രവേശന ഫീസ് ഏർപ്പെടുത്താൻ നീക്കം. ഹാർബർ എൻജിനീയറിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറാണ് തുക പ്രസിദ്ധീകരിച്ചത്. ഹാർബറിൽ കയറണമെങ്കിൽ ഇനി വൻ തുക നൽകേണ്ടി വരും. ഫീസിടക്കുന്നതിനുള്ള നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
ഹാർബറിനുള്ളിൽ ഇനി ഒരു ലോറി കടക്കണം എങ്കിൽ 85 രൂപ നൽകണം. അതേ ലോറി ഹാർബറിൽ നിന്ന് തിരികെ ചരക്കുമായി പുറത്തിറങ്ങണമെങ്കിൽ 225 രൂപയാകും തുക. മിനി ലോറി,കാർ,ഓട്ടോറിക്ഷ, ബൈക്ക് സ്കൂട്ടർ സൈക്കിൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങൾക്കും ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ചെമ്മീൻ പോലുള്ള വിലയേറിയ മീനുകളാണ് തിരിച്ചു പോകുന്നത് എങ്കിൽ നാലും അഞ്ചും ഇരട്ടി തുകയടക്കേണ്ടി വരും. നടന്നുപോയി മീൻ വാങ്ങാം എന്ന് വിചാരിച്ചാലും കൊടുക്കണം പത്തു രൂപ. എന്നാൽ ഒരു സൈക്കിളിൽ ആകാം എന്ന് കരുതിയാൽ അത് 15 ആകും. ഫീസ് ഈടാക്കുന്നതിനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഔദ്യോഗികമായി തീയതി തീരുമാനിച്ചില്ലെങ്കിലും തുറമുഖവും പരിസരവും ഉപയോഗിക്കുന്നതിനുള്ള നിരക്കു വർദ്ധന ഉടൻ പ്രാബല്യത്തിൽ വരും. വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും തീരുമാനം നടപ്പാക്കാനുള്ള അധികൃതരുടെ നീക്കത്തോട് തൊഴിലാളികൾക്കും യോജിപ്പില്ല.