2019ലെ പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം പോത്തുകല്‍ പഞ്ചായത്തിലെ ഇരുട്ടുകുത്തി ഊരുകാരെ മറന്ന് സര്‍ക്കാര്‍. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നതോടെ ഇരുട്ടുകുത്തി ആദിവാസി ഊരിലെ 35 കുടുംബങ്ങള്‍ മുണ്ടേരി ഫാമിനുളളിലെ പാതി തകര്‍ന്ന ക്വാര്‍ട്ടേഴ്സുകളിലാണ് അന്തിയുറങ്ങുന്നത്.
മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീണപ്പോള്‍ വീടിനുളളില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നര വയസുകാരി അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. ചോര്‍ന്നൊലിക്കുന്ന വീടുകള്‍ക്ക് മീതെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്. തകര്‍ച്ച നേരിടുന്ന ഈ വീടുകളില്‍ അഞ്ച് വര്‍ഷം മുന്‍പ് അഭയം തേടിയെത്തിയ കുടുംബങ്ങള്‍ക്ക് പിന്നീടൊരു മോചനമുണ്ടായില്ല.
പ്രളയത്തില്‍ തകര്‍ന്ന വീടുകളിലേക്ക് ഇനി മടങ്ങിപ്പോവാനാവില്ല. പകരം ഭൂമി കണ്ടെത്താനുളള നീക്കവും ഫലം കണ്ടില്ല. ഇനിയും എത്ര കാലം ഫാമിനുളളില്‍ കഴിയേണ്ടി വരുമെന്നാണ് ചോദ്യം. 2019ലെ പ്രളയത്തില്‍ തകര്‍ന്നവരെ പുനരധിവസിപ്പിക്കാന്‍ ഭൂമിയും വീടും നല്‍കുന്ന ആസൂത്രിതമായ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.