ഭിന്നശേഷിക്കാർക്കായി സൗഹൃദ യാത്രയൊരുക്കിയും സ്നേഹം പങ്കിട്ടും ഒരു വാർഡ് മെമ്പർ. മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മംഗലശ്ശേരി സിയാദ് ആണ് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളുമൊത്തു സ്നേഹയാത്ര സംഘടിപ്പിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം നാട്ടിലെ ക്ലബ്ബ് പ്രവർത്തകർക്കൊപ്പവും വിനോദയാത്ര പോകാറുള്ള സിയാദിന്റെ ഏറനാളത്തെ ആഗ്രഹമാണ് ഇതോടെ യാഥാർത്ഥ്യമായത്. സുഹൃത്തുക്കൾക്കിടയിൽ ധനസമാഹരണം നടത്തിയാണ് ഭിന്നശേഷിക്കാർക്കായി ഒരു ദിവസത്തെ യാത്ര സംഘടിപ്പിച്ചത്.
വീട്ടിൽ അടച്ചിരിക്കേണ്ടവരല്ല ഇവർ എന്ന ചിന്തയാണ് ഇത്തരം ഒരു ആശയത്തിന് പിന്നിൽ. വണ്ടൂർ പഞ്ചായത്തിലെ 7 8 വാർഡുകളിലെ 22 ഭിന്നശേഷിക്കാരെയും അവരുടെ രക്ഷകർത്താക്കളെയും കൂട്ടിയാണ് യാത്ര സംഘടിപ്പിച്ചത്. തൃശ്ശൂർ ചാവക്കാട് മറൈൻ വേർഡിലേക്ക് ആയിരുന്നു യാത്ര. അധികം വൈകാതെ നാട്ടിലെ മുതിർന്ന പൗരന്മാർക്കൊപ്പം യാത്ര സംഘടിപ്പിക്കാനാണ് സിയാദിന്റെ തീരുമാനം