Untitled design - 1

മലപ്പുറം കൂട്ടിലങ്ങാടിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച കാര്‍ ഒട്ടും കരുണ കാട്ടാതെ ഓടിച്ചു പോയെന്ന് സാരമായ പരുക്കുകളോടെ ചികില്‍സയില്‍ കഴിയുന്ന യുവാവ് മനോരമ ന്യൂസിനോട്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സുനീറിനേയാണ് കഴിഞ്ഞ ഒക്ടോബര്‍ 18ന് കാറിടിച്ചത്. വാഹനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. 

 

അപകടം നടന്ന വിവരം മനസിലായിട്ടും ചോരയിൽ കുളിച്ചു കിടക്കുന്ന സുനീറിനെ നടുറോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. വേദനകൊണ്ടുപിടഞ്ഞ സുനീറിന് ഒരു നിമിഷത്തെ പ്രതീക്ഷ നല്‍കി കാര്‍ അല്‍പം പിന്നോട്ടെടുത്തു. പിന്നീട് ഒന്നുമറിയാത്തപോലെ മുന്നോട്ടെടുത്തു. രണ്ടുമാസം കഴിഞ്ഞിട്ടും  ഇടിചിട്ട വാഹനം കണ്ടെത്താനായിട്ടില്ല. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുനീറിന് രണ്ട് ശസ്ത്രക്രിയകൾ ഇതിനോടകം കഴിഞ്ഞു. വൃഷ്ണങ്ങളിൽ ഒന്ന് നീക്കം ചെയ്തു. വലതു കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. 

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. നാട്ടുകാരുടെ സഹായം കൊണ്ടാണ് രണ്ടുമാസമായി ചിലവ് നടക്കുന്നത്. സുഹൃത്തുക്കൾ ചേർന്ന് കിട്ടാവുന്ന സിസിടിവി ദൃശ്യങ്ങൾ എല്ലാം ശേഖരിച്ചെങ്കിലും വാഹന നമ്പർ വ്യക്തമാക്കാത്തതാണ് അന്വേഷണത്തെ തടസമാകുന്നത്. വടകരയിൽ 10 മാസങ്ങൾക്ക് ശേഷം അപകടം ഉണ്ടാക്കിയ കാർ കണ്ടെത്തിയത് പോലെ സുനീറിനെ ഇടിച്ചു വീഴ്ത്തിയ കാറും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും. മലപ്പുറം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇടിച്ചിട്ട ശേഷം  തിരിഞ്ഞു നോക്കാതെ കടന്നു കളഞ്ഞ വാഹനമോടിച്ചയാളെ കണ്ടെത്തണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുനീര്‍.  

ENGLISH SUMMARY:

Suneer under treatment; CCTV footage of car owner