മലയോര മേഖലയെ ഭീതിയിലാഴ്ത്തി മലപ്പുറം കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവയെത്തി. കെണി സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് അധികൃതർ വനംവകുപ്പിന് നിവേദനം നൽകി.
ബുധനാഴ്ച പുലർച്ചെയാണ് വലിയൊരു പന്നിയെ വേട്ടയാടി പിടികൂടി കുറച്ച് ഭാഗം തിന്ന് കടുവ കാട് കയറിയത്. തുടർന്ന് വ്യാഴ്ചയും, വെള്ളിയാഴ്ചയും വീണ്ടുമെത്തി ബാക്കി ഭാഗം കൂടി തിന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് പുല്ലങ്കോട് എസ്റ്റേറ്റിൽ തുടർച്ചയായി ഒരാഴ്ചയോളം കടുവ കാട്ടു പന്നികളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. അന്ന് വനം വകുപ്പ് കെണി സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. അതേ പ്രദേശത്ത് തന്നെയാണ് ഇപ്പോൾ വീണ്ടും കടുവ പന്നിയെ വേട്ടയാടി കൊന്ന് തിന്നുന്നത്. കടുവ ഭീതിയിൽ തൊഴിലാളികൾക്ക് കാവലൊരുക്കിയാണ് എസ്റ്റേറ്റിൽ ഇപ്പോൾ ടാപ്പിംഗ് നടക്കുന്നത്.
തുടർച്ചയായി കടുവയുടെ സാന്നിധ്യമുണ്ടായതോടെ നാട്ടുകാരും ഭീതിയിലാണ്. തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കാനും ഭീതി അകറ്റാനും വനം വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ആവിശ്യം.