മലപ്പുറം ചോക്കാട് പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവയിറങ്ങി. ഇന്നലെ പുലർച്ചയോടെയാണ് എസ്റ്റേറ്റ് പരിസരത്ത് കടുവയെ കണ്ടത്. ഭീതി പരന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പരിസരവാസികൾ.
എസ്റ്റേറ്റിൻറെ 2013 പ്ലാന്റെഷൻ മുറ്റത്തിനടുത്താണ് പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കടുവയാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേമേഖലയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയിരുന്നു. അതിരാവിലെ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾ കടുത്ത ഭീതിയിലാണ്. യാതൊരു വിധ സുരക്ഷാ മാർഗ്ഗങ്ങളും തൊഴിലാളികൾക്കില്ല.
പുല്ലങ്കോട് എസ്റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2006 റീ പ്ലാൻറിംഗ് ഭാഗത്താണ് കഴിഞ്ഞ വർഷം കടുവയേയും കുഞ്ഞുങ്ങളേയും കണ്ടത്.
കുറുക്കൻ, നായ, ആട് തുടങ്ങിയ ജീവികൾ വ്യാപകമായി മേഖലയിൽ വേട്ടയാടപ്പെടുന്നുണ്ട്. ഇന്നലെ കടുവയെക്കണ്ട ഭാഗത്ത് കാൽപ്പാടുകളും കാണുന്നുണ്ട്.
തോട്ടം മേഖലയിലെ വന്യ ജീവി സാന്നിധ്യം മലയോര കാർഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. റബർ വില തകർച്ചക്കൊപ്പം കടുവ ഭീതിയിൽ ടാപ്പിങ് മുടങ്ങുക കൂടി ചെയ്യുന്നത് കർഷകരുടെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്. സൈലന്റ് വാലിയോട് ചേർന്നു കിടക്കുന്ന പ്രദേശമാണിത്. രാവിലെ പത്ത് മണിക്കു പോലും കടുവയെകണ്ടതായി തൊഴിലാളികൾ പറഞ്ഞു. അധികൃതർ വിഷയത്തെ ഗൗരവത്തിലെടുത്ത് നടപടി സ്വീകരിക്കണമെന്നും എസ്റ്റേറ്റ് മാനേജ്മെൻറ് ആവശ്യപ്പെട്ടു.