കാട്ടാനകളെ പേടിച്ചു വീടിന്റെ ടെറസിന് മുകളിൽ അന്തിയുറങ്ങേണ്ട അവസ്ഥയാണ് മലപ്പുറം പോത്തുകല്ലിലെ നാട്ടുകാർക്ക്. കാട്ടുകൊമ്പൻ സ്ഥിരമായി നാട്ടിലിറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
കാട്ടുകൊമ്പൻ പതിവായി ജനവാസ മേഖലയിൽ ഭീതി പരത്താൻ തുടങ്ങിയതോടെയാണ് നാട്ടുകാർ രക്ഷ തേടി വീടിനു മുകളിൽ രാത്രിയിൽ അന്തിയുറങ്ങുന്നത്. പോത്തുകല്ല് പഞ്ചായത്തിലെ വെളിയംപാടം, അംമ്പിട്ടാൻപൊട്ടി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടുകൊമ്പന്റെ പരാക്രമം. ചക്ക തേടിയാണ് ആന നാട്ടിൽ ഇറങ്ങുന്നത്. സന്ധ്യയാകുന്നതോടെ കാട്ടുകൊമ്പിനെ പേടിച്ച് ആളുകൾക്ക് വഴിനടക്കാൻ ആകാത്ത അവസ്ഥയാണ്.
പ്ലാവുള്ള വീടുകളിൽ എല്ലാം ആനയെത്തും. ചക്ക പിന്നെ വയറു നിറഞ്ഞാൽ പിന്നെ മടക്കം. മിക്കപ്പോഴും നേരം പുലരും വരെ പറമ്പുകൾ മാറിമാറി കയറിയിറങ്ങും. പാലുണ്ട -മുണ്ടേരി പ്രധാന റോഡ് മറികടത്തുന്നെത്തുന്ന ആന യാത്രക്കാർക്കും ഭീഷണിയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയായ കൊമ്പനെ കാട്ടിലേക്ക് മടക്കി വിടാൻ അധികൃതർ തയ്യാറാവാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.