മലപ്പുറം വണ്ടൂരിലെ ഭിന്നശേഷി ചെണ്ടമേള ബാന്‍റ് നിലവിൽ വന്നതിനു ശേഷം, സംഘത്തിന് ആദ്യ വിഷുക്കൈനീട്ടം എന്നും ഓർത്തിരിക്കാനാവുന്നതാക്കി മാറ്റുകയാണ് വ്യാപാരിയായ കെ യൂസഫ്. ഇവർക്ക് ആവശ്യമായ രണ്ട് ചെണ്ടകൾ വാങ്ങാനുള്ള പണം നൽകിയതിനു പുറമേ, ആദ്യ പ്രകടനത്തിന് വേദിയൊരുക്കുകയും തുടർന്ന് ആദ്യത്തെ പ്രതിഫലവും, യൂസഫ് നൽകി. മനോരമ ന്യൂസ് വാർത്തയിലൂടെയാണ് ചെണ്ടമേള ബാൻഡിനെ കുറിച്ച് യൂസഫ് അറിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വണ്ടൂർ ആശ്രയ ഭിന്നശേഷി സ്കൂളിലെ വിദ്യാർഥികൾ, വാർഷികാഘോഷത്തിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്. ഒൻപതംഗ സംഘത്തെ ചാലിയാർ ഉണ്ണിയാണ് കുറഞ്ഞ സമയത്തിനുള്ളിൽ സൗജന്യമായി ചെണ്ടമേളം അഭ്യസിപ്പിച്ചത്. കൈയ്ക്ക് സ്വാധീനക്കുറവുള്ളവർ വരേ ഇവരുടെ കൂട്ടത്തിലുണ്ട്. അന്ന് അഞ്ചു ചെണ്ടകൾ ആവശ്യമുള്ളിടത്ത്, മൂന്നെണ്ണം വണ്ടൂരിലെ വിവിധ സംഘടനകൾ മുൻകൈയെടുത്ത് വാങ്ങി നൽകി. ബാക്കി രണ്ടെണ്ണം വാടകയ്ക്ക് എടുത്തായിരുന്നു കുട്ടികൾ അരങ്ങേറ്റം നടത്തിയത്. ഇക്കാര്യം മനോരമ ന്യൂസ് വാർത്തയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് വണ്ടൂരിലെ പ്രമുഖ വസ്ത്ര വ്യാപാരിയായ കെ യൂസഫ് വിഷുക്കാലത്ത് ഇവർക്ക് ചെണ്ടകൾ വാങ്ങി നൽകിയത്.
അരങ്ങേറ്റം ഗംഭീരമായതോടെയാണ് ചെണ്ടമേളത്തിൽ ഒരു ബാൻഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. ഇനി ഉദ്ഘാടന ചടങ്ങുകളിലും മറ്റും സജീവമാകാനാണു ഇവരുടെ തീരുമാനം.