അട്ടപ്പാടി പുതൂർ ചെമ്പവട്ടകാട്ടിൽ എട്ട് ആടുകളെ പുലി ആക്രമിച്ച് കൊന്നു. ചെമ്പവട്ടകാട് സ്വദേശിനി തുളസിയുടെ ആടുകളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. പ്രദേശത്ത് നേരത്തെയും പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ടെന്നും വനംവകുപ്പിന്റെ നടപടികള്‍ ഫലപ്രദമല്ലെന്നും പരാതിയുണ്ട്.
തുളസി സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കരുതി പരിപാലിച്ചിരുന്ന ആടുകളെയാണ് ഒറ്റരാത്രി കൊണ്ട് പുലി ഇല്ലാതാക്കിയത്. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കെട്ടിയിരുന്ന പത്ത് ആടുകളില്‍ എട്ടെണ്ണത്തിനെ പുലി കൊന്നു. പലതിന്റെയും ശരീരഭാഗങ്ങളില്‍ ചിലത് പുലി ഭക്ഷണമാക്കിയിട്ടുണ്ട്. തുളസിയുടെ ആകെയുള്ള ഉപജീവനമാര്‍ഗവും അടഞ്ഞ സ്ഥിതിയാണ്. രാവിലെയാണ് ആടുകളെ പുലി പിടിച്ച വിവരം ഉടമ അറിയുന്നത്. നേരത്തെയും പുതൂര്‍ പ്രദേശത്ത് സമാനമായ വന്യമൃഗ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍. വനപാലകസംഘം സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിനൊപ്പം ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.