ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് അനധികൃത വൈദ്യുതി വേലിയിൽ നിന്നു ഷോക്കേറ്റു വീട്ടമ്മ മരിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. കോഴി ഫാം നടത്തിപ്പുകാരൻ കണ്ണിയംപുറം സ്വദേശി ശിവദാസൻ, സഹായി അസം സ്വദേശി അബ്ദുൽ അലി എന്നിവരാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ പിടിയിലായത്.
അറുപതുകാരി അമ്പലവട്ടം പാലയ്ക്കത്തൊടിയിൽ പാറുക്കുട്ടി മരിച്ച കേസിലാണു നടപടി. അയൽവാസിയുടെ കോഴിഫാമിനു സമീപം ഒരുക്കിയ വൈദ്യുതി കെണിയിൽ തട്ടിയായിരുന്നു ദുരന്തം. നായ്ക്കളെയും കുറുക്കൻമാരെയും കാട്ടുപന്നികളെയും പ്രതിരോധിക്കാൻ ഒരുക്കിയ കെണിയാണിതെന്നാണു നിഗമനം. കഴിഞ്ഞദിവസം രാവിലെ പാലുമായി പോയ ഇവർ തിരിച്ചെത്താതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു രാത്രി പതിനൊന്നോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.
പൊലീസിനു പുറമേ സ്ഥലത്ത് കെഎസ്ഇബിയുടെയും വൈദ്യുതി വകുപ്പിനു കീഴിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തി തെളിവെടുത്തിരുന്നു. വൈദുതി വേലിയിലേക്കുള്ള കണക്ഷൻ ദിവസവും രാത്രി ഓൺ ചെയ്യുകയും രാവിലെ ഓഫ് ചെയ്യുകയുമാണു പതിവ്. കഴിഞ്ഞദിവസം പകൽ ഇത് ഓഫ് ചെയ്യാൻ അതിഥി തൊഴിലാളി മറന്നതാണ് അപകടത്തിനു വഴിയൊരുക്കിയത്. മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ഫാം നടത്തിപ്പുകാരനും സഹായിക്കുമെതിരെ കേസ്.