കൈവരികളില്ലാത്ത പട്ടാമ്പി പാലത്തിലൂടെയുള്ള വാഹനങ്ങളുടെ യാത്ര അപകടസാധ്യത കൂട്ടുന്നതായി പരാതി. സുരക്ഷയെക്കരുതി കൈവരികൾ പൂർണമായി തകർന്ന പാലത്തിലൂടെ ഒരേസമയം ഒറ്റവരിയിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. അവശ്യ സര്‍വീസുകളുള്‍പ്പെടെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവായിട്ടുണ്ട്.
ഒറ്റവരിയിലൂടെയുള്ള വാഹനഗതാഗതം. കൈവരികളില്ലാത്തതിനാല്‍ ഏത് സമയത്തും അപകടത്തിന് സാധ്യത. പട്ടാമ്പി പാലം നൂല്‍പ്പാലത്തിന് സമാനമായ സ്ഥിതിയിലായി. ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വാഹന യാത്രികര്‍.
നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയിലെ പ്രധാന ഭാഗമാണ് പട്ടാമ്പി പാലം. വെള്ളപ്പൊക്കത്തിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതിനു ശേഷം 2019 ൽ തകർച്ച നേരിട്ട പട്ടാമ്പി പാലത്തിന്റെ തൂണുകള്‍ക്ക് കാര്യമായ ബലക്ഷയമുണ്ട്. കോണ്‍ക്രീറ്റ് പാളികളെല്ലാം ഇളകിമാറിയ നിലയിലാണ്. പാലത്തിന് മുകളില്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തകര്‍ച്ച നേരിട്ട ഭാഗങ്ങളില്‍ കാര്യമായ നിര്‍മാണമുണ്ടായില്ല. ഇതിനിടയിലാണ് കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയില്‍ പാലം വീണ്ടും വെള്ളത്തിനടിയിലായത്. ഇതോടെ പാലത്തിലൂടെയുള്ള കാല്‍നടയും ഗതാഗതവും നിരോധിച്ചു.
ജലനിരപ്പ് താഴ്ന്ന ശേഷം പൊതുമരാമത്ത് വിഭാഗത്തിന്റെ പരിശോധനയില്‍ പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തി. ഇതെത്തുടര്‍ന്ന് ആദ്യം കാൽനടയാത്രയ്ക്കും, പ്രതിഷേധത്തിനൊടുവില്‍ വാഹന യാത്രയ്ക്കും തുറന്നുകൊടുത്തു. കിഫ്ബിയിൽ ഉൾപ്പെടുത്തി പട്ടാമ്പിയില്‍ പുതിയ പാലം നിർമിക്കുന്നതിനായി 30.86 കോടി രൂപയുടെ സാമ്പത്തിക അനുമതി 2020 ഏപ്രിലിൽ ലഭിച്ചിരുന്നു. രൂപരേഖയിൽ മാറ്റം വന്നതോടെ സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പദ്ധതി വൈകാൻ കാരണമായത്