TOPICS COVERED

സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ഒറ്റപ്പാലം സപ്ലൈകോ ഡിപ്പോയിൽ എത്തിച്ച അരിയിൽ തിരിമറി നടത്തിയെന്ന കേസ് വിജിലൻസിനു കൈമാറും. ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എസ്.പ്രമോദിനെ പ്രതിചേർത്ത് ഒറ്റപ്പാലം പൊലീസ് റജിസ്റ്റർ ചെയ്ത കേസാണു വിജിലൻസിനു കൈമാറുന്നത്.

അഴിമതി ആരോപിക്കപ്പെട്ട കേസായതിനാലാണു തുടർനടപടികൾ വിജിലൻസിനു കൈമാറാനുള്ള തീരുമാനമെന്ന് പൊലീസ് അറിയിച്ചു. വിശ്വാസ ലംഘനത്തിനു പുറമേ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തിരുന്നത്. വകുപ്പുതല അന്വേഷണം പൂർത്തിയായതിനു പിന്നാലെ ജീവനക്കാരൻ സസ്പൻഷനിലാണ്. 2023 ജൂൺ 22ന് എഫ്സിഐയിൽ നിന്നിറക്കിയ ഒരു ലോഡ് അരിയിൽ തിരിമറി നടന്നെന്നാണു പരാതി. ലോറിയിൽ ഗോഡൗണിലെത്തിയ 246 ചാക്ക് അരിക്കാണ് കണക്കില്ലാതായത്. രേഖകൾ വിശദമായി പരിശോധനയ്ക്കു വിധേയമാക്കിയ വകുപ്പുതല അന്വേഷണത്തിൽ സപ്ലൈകോയ്ക്ക് 5.64 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ. 

പിന്നാലെയാണു സ്റ്റോക് കൈകാര്യം ചെയ്തിരുന്ന സീനിയർ അസിസ്റ്റന്‍റ് എസ്.പ്രമോദിനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. തുടര്‍ന്നാണ് നിലവിലെ ഡിപ്പോ മാനേജർക്കെതിരെ പരാതിയുമായി സപ്ലൈക്കോ അധികൃതര്‍ പൊലീസിനെ സമീപിച്ചത്.

Ottapalam Supplyco school lunch scam will be handed over to vigilance: