രണ്ടാംവിള കൊയ്ത്തിനൊരുങ്ങുമ്പോഴും സപ്ലൈകോ സംഭരിച്ച ഒന്നാംവിള നെല്ലിന്‍റെ പണം കിട്ടാതെ നിരവധി കർഷകർ കടക്കെണിയിൽ. പാലക്കാട് ജില്ലയിൽമാത്രം കാല്‍ ലക്ഷത്തിലേറെ കർഷകർക്ക് ഒന്നാംവിള നെല്ല് സംഭരിച്ചതിന്‍റെ പണ‌ം കിട്ടാനുണ്ട്. കാര്‍ഷിക വായ്പയ്ക്ക് ചില ദേശസാല്‍കൃത ബാങ്കുകൾ പുതുതായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും നെല്‍കര്‍ഷകര്‍ ആവശ്യപ്പെട്ടു. 

ഒന്നാം വിളയിലുണ്ടായ നഷ്ടം മറികടന്ന് വേണം രണ്ടാം വിളയിറക്കാൻ. നഷ്ടം മറികടക്കാനായില്ലെങ്കിലും കടം വാങ്ങിയും സ്വർണം പണയം വച്ചും കൃഷിയിറക്കിയവർക്കാണ് ഇരട്ടി പ്രഹരം. ഒന്നാം വിള നെല്ല് സംഭരിച്ചതിൻ്റെ പണം സപ്ലൈക്കോ ഇതുവരെ കൈമാറിയിട്ടില്ല. പാലക്കാട് ജില്ലയില്‍ മാത്രം അക്കൗണ്ടിലേക്ക് പണമെത്തുന്നതും കാത്തിരിക്കുന്നത് കാല്‍ ലക്ഷത്തിലേറെ കര്‍ഷകര്‍. ഇതിന് പുറമെയാണ് കാർഷിക വായ്പ അനുവദിക്കുന്നതിനും ചില ബാങ്ക് അധികൃതർ കേട്ടു കേൾവിയില്ലാത്ത മട്ടിലുള്ള നിബന്ധന ഏർപ്പെടുത്തിയത്. 

നെല്ല് സംഭരിച്ചതിന്‍റെ മുൻഗണനാ ക്രമത്തിലെങ്കിലും  കർഷകർക്ക് പണം  അനുവദിക്കണമെന്നാണ് ആവശ്യം. സംഭരിച്ച നെല്ലിന്‍റെ പണം വൈകാതെ കൊടുത്ത് തീര്‍ക്കുന്നതിനുള്ള ശ്രമം തുടരുന്നതായി കൃഷിവകുപ്പും സപ്ലൈക്കോയും വിശദീകരിക്കുന്നു.

ENGLISH SUMMARY:

Supplyco's failure to pay for paddy has left farmers in financial distress and struggling to cope with hardship.