ഒറ്റപ്പാലം അനങ്ങൻമലയിലെ ക്വാറി പൂട്ടണമെന്നാവശ്യപ്പെട്ട് സിപിഎം നേതൃത്വം നൽകുന്ന ജനകീയ സമര സമിതി ക്വാറിക്ക് സമീപം രാപ്പകൽ സമരം തുടങ്ങി. ഇരുന്നൂറിലേറെ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. 

ക്വാറിയുടെ പ്രവർത്തനം മൂലം ഭീതിയിലായ മലയോരത്തെ അനങ്ങനടി, വരോട് പ്രദേശങ്ങളിലെ ജനങ്ങളെ അണിനിരത്തിയാണ് സമരം. മലയുടെ താഴ് വരയിലെ 120 ലേറെ കുടുംബങ്ങൾക്കു ഭീഷണിയാണ് ക്വാറിയെന്നാണ് ആക്ഷേപം. സമരം സിപിഎം ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അനങ്ങൻമല പ്രദേശത്തെ ക്വാറിയിൽ പരിശോധന നടത്തി പ്രശ്നങ്ങൾ വിലയിരുത്തണമെന്നും ക്വാറിയുടെ അനുമതി റദ്ദാക്കണമെന്നുമാണ് ആവശ്യം. സമരസമിതി ചെയർമാൻ സി.പി.ശശി അധ്യക്ഷനായി.

ENGLISH SUMMARY:

People's strike led by CPM demanding the closure of Ottapalam Ananganmala quarry