തെങ്ങിന്‍ തോപ്പില്‍ കുഴിയെടുത്ത് മണ്ണിനടിയില്‍ കന്നാസുകളിലായി ഒളിപ്പിച്ചിരുന്ന നാലായിരത്തി തൊള്ളായിരത്തി അന്‍പത് ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. പാലക്കാട് അതിര്‍ത്തി കടന്ന് തമിഴ്നാട് ചെമ്മണാംപതിയില്‍ സ്വകാര്യ തോട്ടത്തിന്റെ ഉള്‍ഭാഗത്തായി നൂറ്റി അന്‍പത് കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. ഓണക്കാലത്തെ വില്‍പനയ്ക്കായി കരുതിയ സ്പിരിറ്റെന്നാണ് എക്സൈസിന്റെ നിഗമനം.
തെങ്ങോല വീണുകിടക്കുന്ന തോട്ടം. വളമിടാനെന്ന മട്ടില്‍ തടം കോരിയുള്ള മണ്‍തിട്ട. ഒറ്റനോട്ടത്തില്‍ വെറുമൊരു തെങ്ങിന്‍തോപ്പ്. ഈ തോപ്പിനുള്ളില്‍ സ്പിരിറ്റ് ഒളിപ്പിച്ചിരിക്കുന്നുവെന്ന് മനസിലാവാതിരിക്കാന്‍ തെങ്ങോലയും വിറകും അലക്ഷ്യമായി ഇട്ട് വെറുതെ ഒരു മേല്‍മൂടി.
പെരുമ്പാവൂർ ഒക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള തോട്ടം സബീഷ് ജേക്കബ് എന്നയാളാണ് നോക്കി നടത്തുന്നത്. ഇയാളും നേരത്തെ സ്പിരിറ്റ് കേസിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞയാഴ്ച ലോറിയിൽ കടത്തുകയായിരുന്ന 1650 ലീറ്റർ സ്പിരിറ്റ് കൊല്ലങ്കോട് ചിക്കണാംപാറയിൽ വച്ചു സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായി പാലക്കാട് ജില്ലയിലെ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണു കൃത്യമായ സൂചന ലഭിച്ചത്. സ്പിരിറ്റ് കന്നാസുകള്‍ തമിഴ്നാട് അതിർത്തിയിലെ തോട്ടങ്ങളിൽ കുഴിയെടുത്തു മണ്ണിനടിയിൽ ഒളിപ്പിച്ച ശേഷം ഇടവഴിയിലൂടെ സംസ്ഥാനത്തേയ്ക്കു കടത്തുകയാണെന്ന വിവരം കിട്ടി. മൂന്നു ദിവസമായി അതിർത്തി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ തോട്ടത്തിലേക്കു കന്നുകാലികളുമായി നാട്ടുകാര്‍ കടക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതായി സൂചന ലഭിച്ചു. ഈ സൂചന പിന്തുടർന്നു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണു സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പാലക്കാട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.രാകേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍ നടപടിയും. സംസ്ഥാന അതിർത്തിക്കപ്പുറത്ത് നിന്നു കണ്ടെത്തിയതിനാൽ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിലെ ആനമല പൊലീസിനു കൈമാറി.