TOPICS COVERED

ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലെ നേന്ത്രക്കുല വരവ് കൂടിയിട്ടുണ്ടെങ്കിലും  വിപണിയില്‍ നാടന്‍ കുലകള്‍ക്ക് തന്നെയാണ് പ്രിയം. കഴിഞ്ഞവര്‍ഷത്തെക്കാള്‍ കിലോഗ്രാമിന് പത്ത് രൂപ വരെ താഴ്ന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. നല്ല വിള കിട്ടിയെങ്കിലും നേരിയ വിലക്കുറവുള്ളത് അ‌ടുത്ത ദിവസങ്ങളിലെ മൊത്തവില്‍പനയിലൂടെ മറികടക്കാനാവുമെന്ന് കര്‍ഷകര്‍. 

അതിര്‍ത്തി ഗ്രാമങ്ങളില്‍ ഓണക്കാലം വിളവെടുപ്പിന്റേത് കൂടിയാണ്. പച്ചക്കറിക്കൊപ്പം കര്‍ഷകര്‍ കൂടുതലും പരീക്ഷിക്കുന്നതാണ് നേന്ത്ര വാഴ. ഓണക്കാലത്ത് മികച്ച വിളയും വിലയും കിട്ടുമെന്നത് തന്നെയാണ് ആകര്‍ഷണം. ഇത്തവണ മഴ കിട്ടേണ്ട സമയത്ത് കടുത്ത വേനലായതും  മഴയൊഴിഞ്ഞ് നില്‍ക്കേണ്ടിടത്ത് കാലം തെറ്റി പെയ്ത മഴയും ക്ഷീണമുണ്ടാക്കി.

സാധാരണ കിട്ടുന്നതിനെക്കാള്‍ വിളകള്‍ക്ക് തൂക്കം കുറഞ്ഞതും വിലയിടിവും പ്രതിസന്ധിയായി. ഇതോടൊപ്പം ഓണക്കാല വിപണി ലക്ഷ്യമാക്കി തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടുതലായി വാഴക്കുലകളുടെ വരവുണ്ടായതോടെ നേരിയ ക്ഷീണമുണ്ടായെങ്കിലും നാടന്‍ കുലകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. 

കേരള, തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, വണ്ടിത്താവളം എന്നിവിടങ്ങളില്‍ നിന്നാണ് വിപണിയിലേക്ക് കൂടുതല്‍ വാഴക്കുല എത്തുന്നത്. ശര്‍ക്കര വരട്ടിയും കായ വറുത്തതുമെല്ലാം മലയാളിക്ക് ഒഴിച്ചുകൂട്ടാനാവാത്ത വിഭവങ്ങളാവുമ്പോള്‍ ഓണക്കാല വിപണി ലക്ഷ്യമിട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നിരാശയുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

ENGLISH SUMMARY:

Local banana get cheaper in onam market