നൂറുമേനി വിളഞ്ഞിരുന്ന പാടശേഖരം രോഗബാധയെത്തുടര്‍ന്ന് കൊയ്യാനാവാതെ ഉഴുതുമറിക്കേണ്ട സ്ഥിതിയില്‍ കര്‍ഷകര്‍. പാലക്കാട് പെരുവല തെക്കുംപാടത്തെ നൂറ്റി മുപ്പതിലേറെ കര്‍ഷകരെയാണ് പ്രതികൂല കാലാവസ്ഥ കടക്കെണിയിലാക്കിയത്. നേരത്തെയുള്ള വിള ഇന്‍ഷുറന്‍സ് കുടിശികയായതിനാല്‍ രണ്ടാംവിള കൃഷിയിറക്കുക ഇവര്‍ക്ക് വെല്ലുവിളിയാണ്.
വിയര്‍ത്ത് വെള്ളം കോരിയ കൃഷിയിടത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് തിരികെ കിട്ടിയ് കണ്ണീര് മാത്രമാണ്. കാലാവസ്ഥാ വ്യതിയാനമോ രോഗബാധയോ , എന്താണ് കൃഷിനാശത്തിന് കാരണമെന്ന് ഇപ്പോഴും പൂര്‍ണ വ്യക്തതയില്ല. സ്വര്‍ണം പണയപ്പെടുത്തിയും വായ്പയെടുത്തുമിറക്കിയ കൃഷി പൂര്‍ണമായി തശിച്ചതോടെ കര്ഷകന് ബാക്കിയാകുന്നത് വന്‍ കടബാധ്യതയാണ്.
വിള ഇന്‍ഷൂറണ്‍സ് ഉണ്ടെന്ന് മേനി പറയാമെന്ന് മാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കുടിശിക ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് ഈ നഷ്ടവും നികത്തപ്പെടുമെന്ന പ്രതീക്ഷയില്ല. ഒരേക്കറിന് അന്‍പത്തി ആറായിരത്തിലേറെ രൂപയാണ് ഇവര്‍ ചെലവാക്കിയത്.
പെരുവല തെക്കുംപാടം പാടശേഖരത്തിലെ നൂറ്റി മുപ്പതിലേറെ കര്‍ഷകര്‍ക്ക് ഇങ്ങനെയൊരു അനുഭവം ആദ്യമാണ്. ജ്യോതി നെല്ല് പാകിയവര്ക്കാണ് കൂടുതലും പ്രതിസന്ധിയുണ്ടായത്. കടം വാങ്ങിയാണെങ്കിലും രണ്ടാംവിള കൃഷിയിറക്കാന്‍ നിലം ഉഴുതുമറിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.