TOPICS COVERED

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോക്ടർ സിത്താരയ്ക്കു സസ്പെൻഷൻ. ആശുപത്രിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഡോക്ടർമാരുടെ യോഗത്തിൽ ജനപ്രതിനിധികളോടു തർക്കിച്ച് ഇറങ്ങിപ്പോയ സംഭവത്തിനു പിന്നാലെയാണു വകുപ്പുതല നടപടി.

ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗ തീരുമാനപ്രകാരം കഴിഞ്ഞമാസം കെ.പ്രേംകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന ഡോക്ടർമാരുടെ യോഗമാണു തർക്കിച്ചു പിരിഞ്ഞത്. പിന്നാലെ, യോഗത്തിൽ തർക്കം ഉന്നയിച്ച ഡോക്ടർ സിത്താരയ്ക്കെതിരെ എംഎൽഎയും നഗരസഭാധ്യക്ഷ കെ.ജാനകീദേവിയും ആരോഗ്യ വകുപ്പു ഡയറക്ടർക്കു പരാതിയും നൽകി. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയാണു നടപടി. കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ എംഎൽഎ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ ഡോക്ടർ, പങ്കാളിത്തത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു. തർക്കത്തിനിടെയായിരുന്നു ഇറങ്ങിപ്പോക്ക്. 

Also Read; പണിയും പണവും കഴിഞ്ഞിട്ടും ഫലമില്ലാതെ ഭവാനിപ്പുഴയിലെ തടയണകൾ

കഴിഞ്ഞ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലെ പ്രധാന ചർച്ചയും നേത്രരോഗ വിഭാഗത്തെ ചൊല്ലിയായിരുന്നു. ഒരു വർഷമായി തിമിര ശസ്ത്രക്രിയ നടക്കാതിരിക്കാൻ കാരണം ഡോക്ടറുടെ ആത്മവിശ്വാ‌സക്കുറവാണെന്നായിരുന്നു യോഗത്തിൽ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ. ഇതുള്‍പ്പെടെ താലൂക്ക് ആശുപത്രി നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗ തീരുമാനപ്രകാരം ഡോക്ടർമാരുടെ യോഗം.

ENGLISH SUMMARY:

The ophthalmologist Dr. Sidhara at the Ottappalam Taluk Hospital has been suspended. This action follows an incident where she clashed with public representatives during a meeting with doctors to discuss issues at the hospital. The decision was made at the departmental level in response to the situation.