TOPICS COVERED

ഒറ്റപ്പാലം NSS കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കപ്പെട്ടതിന് പിന്നാലെ കെഎസ് യു ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ നിയമാനുസൃതം തുടരണമെന്നാണ് ഹർജിയിലെ ആവശ്യം.കെഎസ് യു പാനലിൽ ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥികളാണു കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് അടുത്തദിവസം വീണ്ടും പരിഗണിക്കുമെന്ന് കെ.എസ്.യു നേതാക്കൾ അറിയിച്ചു.

തുടർനടപടികൾ വൈകുന്നുവെന്നാരോപിച്ച് കെഎസ് യു കോളജിന് മുന്നിൽ ഉപവാസ സമരവും നടത്തി. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതിനു പിന്നാലെയാണു വൈകിട്ട് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പിൽ കെ.എസ്.യുവിനും എസ്എഫ്ഐയ്ക്കും ആറ് സീറ്റുകളിൽ തുല്യവോട്ടുകളാണു ലഭിച്ചത്. ഈ സീറ്റുകളിലേക്കുള്ള ഫല നിർണയം ലോട്ടിലേക്ക് നീണ്ടു. കെഎസ് യുവിന് നാലും എസ്എഫ്ഐയ്ക്കു രണ്ടും സീറ്റുകളിലായിരുന്നു ലോട്ടില്‍ വിജയം.

ഇതേ ചൊല്ലിയുണ്ടായ തർക്കങ്ങൾ ക്രമസമാധാന പ്രശ്നമായി വളർന്നതോടെയാണു ഒന്‍പത് ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രാത്രി നിർത്തിവച്ചത്. കോളജിനു മുന്നിൽ നടന്ന ഉപവാസ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ ജയരാജൻ ഉദ്ഘാടനംചെയ്തു.

Ottapalam NSS College union elections stalled; KSU to court: