TOPICS COVERED

വീട്ടിനുള്ളില്‍ കൂടൊരുക്കിയവര്‍ പറന്നകലും വരെ പാലുകാച്ചല്‍ ചടങ്ങ് നീട്ടി. കുരുവിക്കുഞ്ഞുങ്ങള്‍ക്ക് അലോസരം ഉണ്ടാവാതിരിക്കാന്‍ നിര്‍മാണ ജോലികളും നിര്‍ത്തിവച്ചു. പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി മുജീബും കുടുംബവും അമ്മക്കുരുവിക്കും രണ്ട് കുഞ്ഞുങ്ങള്‍ക്കും കരുതലൊരുക്കി കരുണയുടെ ഉറവ തീര്‍ക്കുകയാണ്.  

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സ്വപ്ന വീടൊരുക്കിയത്. താമസം തുടങ്ങാനൊരുങ്ങുമ്പോഴാണ് ഉടമയറിയാതെ വീട്ടിനുള്ളില്‍ കൂടൊരുക്കിയ മറ്റൊരു കൂട്ടരെ കണ്ടത്. ചകിരിത്തണ്ടില്‍ കൂടൊരുക്കി മുട്ടയിട്ട് അമ്മക്കുരുവി. സ്വിച്ച് ബോര്‍ഡിനുള്ളില്‍ സ്വച്ഛ ശാന്തമായി. 

അമ്മയുടെ ചിറകിനടിയിലെ ചൂടേറ്റ് വിരി‍ഞ്ഞത് രണ്ട് കുഞ്ഞുങ്ങള്‍. ഇതോടെ കുരുവിക്കുഞ്ഞുങ്ങള്‍ക്ക് അലോസരമാവാതിരിക്കാന്‍ വീട്ടിലെ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തി. കുഞ്ഞുങ്ങള്‍ പറക്കാന്‍ പാകമാവുന്നതും കാത്ത്. 

ചിറകുമുളച്ച് കുരുവിക്കുഞ്ഞുങ്ങള്‍ പറന്നകന്നാല്‍ സങ്കടമാവുമെന്നും പേര് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മുജീബിന്റെ മക്കള്‍. കൂടുവിട്ട് കുരുവിക്കൂട്ടം പറന്നുയരുന്നത് വരെ പുതിയ വീട്ടിലെ പാലുകാച്ചൽ ചടങ്ങ് മാറ്റിവെച്ച് കരുതലിന്റെ കാത്തിരിപ്പിലാണ് മുജീബും കുടുംബവും. 

ENGLISH SUMMARY:

Sparrow nesting inside the house, the owner stopped the construction of the house