ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ നിർത്തിവച്ച തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവ്. ഇതെത്തുടര്‍ന്ന് യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു മറ്റന്നാള്‍ നടക്കും.
പാർലമെന്ററി രീതിയിൽ തിരഞ്ഞെടുപ്പു നടത്തുന്ന കോളജിൽ കഴിഞ്ഞ പത്തിന് ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെയായിരുന്നു തർക്കം. ഇതു കോളജിനകത്തും പുറത്തും ക്രമസമാധാന പ്രശ്നമുണ്ടാക്കിയിരുന്നു. 51 ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ, 6 സീറ്റുകളിൽ എസ്എഫ്ഐയ്ക്കും കെ.എസ് യുവിനും തുല്യ വോട്ടുകൾ ലഭിച്ചതോടെയായിരുന്നു തർക്കവും സംഘർഷ സമാനമായ സാഹചര്യവും. തുല്യ വോട്ടു കിട്ടിയ സീറ്റുകളിൽ ലോട്ടിലൂടെ വിജയികളെ തിരഞ്ഞെടുത്തതാണു തർക്കമായത്. ഇതിനു പിന്നാലെയാണു നിയമാനുസൃതമായി തിരഞ്ഞെടുപ്പു നടപടികൾ തുടരണമെന്ന ആവശ്യവുമായി കെഎസ് യു ഹൈക്കോടതിയെ സമീപിച്ചത്.
ഉത്തരവിന്റെ പകർപ്പു ലഭിച്ച് രണ്ട് ദിവസത്തിനകം സർവകലാശാലയുടെ അംഗീകാരത്തോടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പ്രസിദ്ധീകരിക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കി ഡിസംബർ രണ്ടിന് കോടതിയെ ബോധിപ്പിക്കണം. ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തിരഞ്ഞെടുപ്പു പൂർത്തിയാക്കാൻ പൊലീസിനും നിർദേശമുണ്ട്.