അനിശ്ചിതത്വങ്ങൾക്കൊടുവില്‍ ഒറ്റപ്പാലം എൻഎസ്എസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്.യുവിന് വിജയം. തിരഞ്ഞെടുപ്പു മാറ്റിവച്ച് ഒന്നര മാസത്തിനു ശേഷം ഹൈക്കോടതി ഇടപെടലിനൊടുവിൽ നടന്ന തിരഞ്ഞെടുപ്പിലാണ് യൂണിയൻ കെഎസ്.യു പിടിച്ചത്.
ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്ത ശേഷം അവരിൽ നിന്നു യൂണിയൻ ഭാരവാഹികളെ നിശ്ചയിക്കുന്ന പാർലമെന്ററി രീതിയിലാണ് ഒറ്റപ്പാലം കോളജിലെ തിരഞ്ഞെടുപ്പ്. ഒക്ടോബർ പത്തിന് നടന്ന തിരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധികൾക്കായുള്ള മത്സരത്തിൽ കെ.എസ്.യുവിനും എസ്എഫ്ഐയ്ക്കും ആറ് സീറ്റുകളിൽ തുല്യവോട്ടുകളായിരുന്നു. തുടർന്നു നടത്തിയ നറുക്കെടുപ്പിൽ കെഎസ്.യുവിനു നാലും എസ്എഫ്ഐയ്ക്ക് രണ്ടും സീറ്റുകളിലായിരുന്നു വിജയം. ഇതിനു പിന്നാലെയായിരുന്നു ക്യാംപസിനകത്തും പുറത്തും സംഘർഷ സമാനമായ സാഹചര്യം. തുടർന്നാണ് ഒന്‍പത് ജനറൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പിന്നാലെ യൂണിയൻ തിരഞ്ഞെടുപ്പ് നടപടികൾ നിയമാനുസൃതം തുടരണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചു. ഒന്‍പത് ജനറൽ സീറ്റുകളിലും കെഎസ്.യു പാനലിന് 27 വോട്ട് വീതവും എസ്എഫ്ഐക്ക് 24 വോട്ട് വീതവുമാണ് ലഭിച്ചത്. കോളജിൽ ക്ലാസ് പ്രതിനിധികളായി ജയിച്ച അന്‍പത്തി ഒന്നുപേര്‍ക്കായിരുന്നു വോട്ടവകാശം. കനത്ത പോലീസ് സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ്. യു.അനന്തകൃഷ്ണനെ ചെയർമാനായി തിരഞ്ഞെടുത്തു. കാലങ്ങളായി എസ്എഫ്ഐക്ക് ആധിപത്യമുള്ള കോളജ് യൂണിയൻ കഴിഞ്ഞ തവണയാണ് കെഎസ്.യു പിടിച്ചെടുത്തത്. ഇത്തവണയും ആധിപത്യം കെഎസ്.യുവിനായി.