ഒറ്റപ്പാലം മീറ്റ്നയിൽ അതിർത്തി തർക്കത്തിനിടെ പിതൃസഹോദരനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മീറ്റ്ന പുത്തൻപാറയ്ക്കൽ സുരേഷ് ഗോപിയാണു വധശ്രമ കേസിൽ പിടിയിലായത്. പാറയ്ക്കൽ ബാലകൃഷ്ണനാണ് മുതുകിൽ ഗുരുതരമായി പരുക്കേറ്റത്.
മണ്ണിനായി സഹോദരങ്ങള്‍ കലഹിച്ചതാണ് തുടക്കം. പിന്നീട് തര്‍ക്കമായി. പരസ്പരം കണ്ടാല്‍ മിണ്ടാത്തവരായി. ഇതിനിടയിലാണ് മതിൽ നിർമാണത്തിനിടെയുണ്ടായ അതിർത്തി തർക്കം ആക്രമണത്തില്‍ കലാശിച്ചത്. സുരേഷ് ഗോപിയും അച്ഛൻ ബാലസുബ്രഹ്മണ്യനും ചേർന്ന് ബാലകൃഷ്ണൻ്റെ മുതുകിൽ തെർമോക്കോൾ മുറിക്കുന്ന കത്തി ഉപയോഗിച്ചു കീറി മുറിവേൽപ്പിച്ചെന്നാണു കേസ്.
ബാലകൃഷ്ണന്റെ മുതുകിൽ 30 ലേറെ തുന്നലുകളുണ്ട്. ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരനെ ആക്രമിക്കാന്‍ മകനൊപ്പം കൂട്ടുനിന്നതിന് സുരേഷ് ഗോപിയുടെ പിതാവ് ബാലസുബ്രഹ്മണ്യനെതിരെയും കേസുണ്ട്. ഒറ്റപ്പാലം എസ്ഐ എം.സുനിലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.