അട്ടപ്പാടി താവളം കരിവടത്ത് പതിനഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉപയോഗശൂന്യം. ഒരു കുടുംബത്തിന് പോലും പദ്ധതി പ്രയോജനപ്പെടുന്നില്ലെന്നാണ് പരാതി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പദ്ധതി നടപ്പാക്കിയത് മതിയായ പഠനമില്ലാതെയെന്നാണ് ആക്ഷേപം.
ഒരുവർഷം മുൻപാണ് പദ്ധതിക്കായി ഭവാനിപ്പുഴയോരത്ത് കിണര്‍ നിർമിച്ചത്. കിണര്‍ കുഴിക്കുന്നതിനിടെ കൂടുതലിടങ്ങളില്‍ പാറയുടെ സാന്നിധ്യം തെളിഞ്ഞു. പാറ പൂര്‍ണമായും നീക്കാതെ കോണ്‍ക്രീറ്റ് റിങുണ്ടാക്കി കരാറുകാരന്‍ മോട്ടര്‍ സ്ഥാപിക്കുകയായിരുന്നു. പദ്ധതി പ്രയോജനപ്പെടാന്‍ പാകത്തിലാണോ എന്നത് പരിശോധിക്കാതെ കരാറുകാരന്‍ പണിതീര്‍ത്ത് മടങ്ങിയെങ്കിലും ഒരുതുള്ളി വെള്ളം പോലും പമ്പ് ചെയ്തെടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഒരുവര്‍ഷത്തിലേറെയായി പരാതി പറയുന്നുണ്ടെങ്കിലും ആരും ഗൗരവത്തിലെടുക്കുന്നില്ലെന്ന് നാട്ടുകാര്‍.
നിര്‍മാണത്തിലെ പിഴവ് മാറ്റി പദ്ധതി പ്രയോജനപ്പെടും വിധം പുനക്രമീകരിക്കണമെന്ന ആവശ്യവുമായി ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ വ്യത്യസ്ത പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.