മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ കാട്ടുപന്നിശല്യം ഒഴിവാക്കാന്‍ ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. അംഗീകൃത ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ മുപ്പത്തിനാല് കാട്ടുപന്നികളെ വെടിയുതിര്‍ത്ത് കൊന്നു. കഴിഞ്ഞമാസം കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.
പെരിമ്പടാരി, പോത്തോഴിക്കാവ് ,മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ, ചന്തപ്പടി, മേഖലയില്‍ നിന്നാണ് കാട്ടുപന്നികളെ വെടിയുതിര്‍ത്ത് കൊന്നത്. മലപ്പുറം ഷൂട്ടേഴ്സിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് പന്നിയെ വെടിയുതിര്‍ക്കാനുണ്ടായിരുന്നത്. മുപ്പത്തി നാല് പന്നികളെ കൊന്നു.
കഴിഞ്ഞ മാസം മുക്കണ്ണത്ത് കാട്ടുപന്നി ബൈക്കിലിടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പന്നികളുടെ എണ്ണം കുറയ്ക്കാന്‍ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാങ്കേതിക കാരണങ്ങളാല്‍ ഷൂട്ടര്‍മാരെ എത്തിക്കുന്നതിന് തടസമുണ്ടെന്നായിരുന്നു നഗരസഭയുടെ വാദം. നാട്ടുകാര്‍ പ്രതിഷേധം കടുപ്പിച്ചതോടെയാണ് ഷൂട്ടര്‍മാരെത്തി പന്നികളെ കൊന്നൊടുക്കിയത്.
പന്നിശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ വരുംദിവസങ്ങളില്‍ ദൗത്യസംഘം വെടിയുതിര്‍ക്കാനെത്തുമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. അതേസമയം പന്നിക്കൂട്ടം കാരണം പ്രദേശത്ത് കൃഷിനാശവും വ്യാപകമാണ്.