പാലക്കാട് ഓങ്ങല്ലൂരിൽ വ്യാപക കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിയുതിർത്ത് കൊന്നു. ഗ്രാമപഞ്ചായതിന്റെയും വനം വകുപ്പിന്റെയും മേൽനോട്ടത്തിലായിരുന്നു നടപടി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരുപത്തി അഞ്ച് പന്നികളെയാണ് വെടിയുതിർത്ത് കൊന്നത്.
ഓങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. നെൽകൃഷി ഉൾപ്പെടെയുളള കൃഷികൾ വലിയ തോതിലാണ് പന്നികൾ കൂട്ടമായെത്തി നശിപ്പിക്കുന്നത്. കർഷകരുടെ നിരന്തര പരാതിയും ഉയർന്നിരുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിലാണ് പന്നികളെ വെടിവെച്ച് കൊല്ലാനാവശ്യമായ നടപടിയെടുത്തത്.
Also Read; കേരളത്തിലെ ആദ്യ കാര്‍ബണ്‍ സന്തുലിത നഗരസഭയാകാന്‍ ഒറ്റപ്പാലം
അംഗീകൃത തോക്ക് ലൈസൻസികളായ പെരിന്തൽമണ്ണയിലെ എം.എം.സക്കീർ, ദിലീപ് മേനോൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തിന്റെ സഹായത്തോടെ ഒരു ദിവസം നീണ്ട് നിന്ന പരിശ്രമത്തിനൊടുവിലാണ് കാട്ടുപന്നികളെ കൊന്നത്. കൃഷിയിടങ്ങളിൽ വീണ്ടും കാട്ടുപന്നി ശല്യം തുടർന്നാൽ ദൗത്യ സംഘത്തെ പ്രയോജനപ്പെടുത്തി കർഷകരുടെ ആശങ്ക പൂർണമായും പരിഹരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ.
സമീപ പഞ്ചായത്തുകളിലും പന്നിക്കൂട്ടം വ്യാപകമായി നെൽകൃഷി നശിപ്പിക്കുന്നതായി കർഷകർക്ക് പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പരിഹാരം കാണണമെന്ന് വിവിധ പാടശേഖസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.