അട്ടപ്പാടി അഗളി പഞ്ചായത്തിലെ കാവുണ്ടിക്കല്ലിനടുത്ത് സ്വാഭാവിക നീർച്ചാലുകളും തോടും നികത്തി ഭൂമി തരം മാറ്റുന്നതായി പരാതി. കാവുണ്ടിക്കല്ലിൽ നിന്നും ഗുളിക്കടവിലേക്കുള്ള പ്രധാന റോഡിനോട് ചേർന്നുള്ള കുന്നിൽ ചെരിവിലെ തോടാണ് നിബന്ധനകൾക്ക് വിരുദ്ധമായി മണ്ണിട്ട് നികത്തുന്നത്. നിയമലംഘനം തടയാൻ ഉദ്യോഗസ്ഥർക്ക് ആത്മാർഥതയില്ലെന്നാണ് ആക്ഷേപം.
കനത്ത വേനലിലും സമൃദ്ധമായിരുന്ന തോടാണ് കരയായി മാറുന്നത്. ഭൂരിഭാഗവും മണ്ണിട്ട് മൂടി. സമീപത്തെ കുടിവെള്ള ഉറവിടങ്ങൾ സമ്പന്നമാക്കിയിരുന്ന തോടെന്നതിന് പകരം മൺകൂന നിറഞ്ഞ ഇടമായി മാറി. അവധി ദിവസങ്ങളിലാണ് മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെയുള്ള നികത്തൽ ജോലി. പഞ്ചായത്തിന്റെ അനുമതിയോടെയാണ് പ്രവർത്തനമെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
അനധികൃത കുന്നിടിക്കലും നീർച്ചാലുകളും തോടുകളും മണ്ണിട്ട് നികത്തുന്നതും തടയണമെന്ന് പരിസ്ഥിതി പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അനുമതി നൽകരുതെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും ഭരണസമിതിയും ഉദ്യോഗസ്ഥരും നടപടിയെടുക്കുന്നില്ലെന്നും ജൈവ വൈവിധ്യ സമിതി കൺവീനർ.
കുന്നിടിച്ച് നികത്തുന്നത് ഒരു ഭാഗത്ത് സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും. ഇതേ മണ്ണ് നീർച്ചാൽ മൂടാൻ ഉപയോഗിക്കുമ്പോൾ നിയമലംഘനത്തിൻ്റെ തോതുയരും. മണ്ണിട്ട് തോട് നികത്തുന്നതിൽ ജൈവ വൈവിധ്യ ബോർഡിന് പരാതി നൽകുമെന്ന് നാട്ടുകാരും പരിസ്ഥിതി സംഘടനകളും അറിയിച്ചു.