കാട്ടാനയും കാട്ടുപോത്തും വഴി തടഞ്ഞെങ്കിലും ജീപ്പിൽ പ്രസവിച്ച അമ്മയും കുഞ്ഞും മനക്കരുത്തുള്ളവരുടെ ആത്മവിശ്വാസത്തിൽ വനവും കടന്ന് ആശുപത്രിയിലെത്തി സുരക്ഷിതരായി. അതിഥി തൊഴിലാളിയുടെ ഭാര്യയായ സാംബയും മകനുമാണ് പാലക്കാട് നെല്ലിയാമ്പതി ചുരം കടന്ന് ജീവിതത്തിൻ്റെ ആശ്വാസ തുരുത്തിലെത്തിയത്. നെല്ലിയാമ്പതിയിലെ ആരോഗ്യ പ്രവർത്തകരും, ആംബുലൻസ് ജീവനക്കാരും, വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് രക്ഷകരായത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സിനിമാക്കഥയെ വെല്ലും മട്ടിലുള്ള ഉദ്വോഗം നിറഞ്ഞ സാഹചര്യം നെല്ലിയാമ്പതിയിലുണ്ടായത്. സീതാർകുണ്ടിലെ അതിഥി തൊഴിലാളിയായ സുജയ് സർദാറിൻ്റെ ഭാര്യയ്ക്ക് രാത്രിയിൽ പ്രസവ വേദന. ആനയും, പുലിയും വിഹരിക്കുന്ന വഴിയിലൂടെ ജീപ്പിൽ ആശുപത്രിയിൽ എത്തിക്കാനായിരുന്നു ബന്ധുക്കളുടെ ശ്രമം.
നെല്ലിയാമ്പതിയിലെ തേയിലക്കമ്പനിയുടെ ആശുപത്രിയിലേക്ക് ജീപ്പിൽ ഗർഭിണിയെ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ സാംബ ജീപ്പിൽ ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായി നെന്മാറയിൽ എത്തിക്കുന്നതിനായിരുന്നു ആരോഗ്യ പ്രവർത്തകരുടെ ശ്രമം. ഇതിനിടയിൽ വഴിമുടക്കി ചുരത്തിൽ കാട്ടുകൊമ്പൻ.
ഭീതിയിലായതിന് പിന്നാലെ അമ്മയും കുഞ്ഞുമുണ്ടായിരുന്ന ജീപ്പും, ആംബുലൻസും, വനം വകുപ്പിൻ്റെ ജീപ്പും പിന്നോട്ടെടുത്തെങ്കിലും കാട്ടുപോത്തിൻ കൂട്ടം വഴിമുടക്കി. ഈ സമയമത്രയും ആശങ്കയുടെ മണിക്കൂറുകളായിരുന്നു. ഫോണിലൂടെ നെല്ലിയാമ്പതിയിലെ ആരോഗ്യ പ്രവർത്തകർക്ക് ഡോക്ടർ കൃത്യമായ നിർദേശം നൽകുകയായിരുന്നു.
ഒടുവിൽ രണ്ട് മണിക്കൂറിലേറെ ചുരത്തിൽ വഴിമുടക്കി നിന്ന കൊമ്പൻ സ്വമേധയാ വനത്തിലേക്ക് മാറിയതിന് പിന്നാലെയാണ് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി നെന്മാറ സർക്കാർ ആശുപത്രിയിൽ എത്തിക്കാനായത്. പ്രതിസന്ധികൾ പലതും നേരിട്ടെങ്കിലും മനക്കരുത്തുള്ള ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെയും വനം വകുപ്പിൻ്റെയും സഹായത്താൽ അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കുന്നു.