തമിഴ്നാട്ടില്‍ നിന്ന് വിദ്യാര്‍ഥികളെക്കൂട്ടി പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പ്രകടനം നടത്തിയവര്‍ ഡിവൈഎഫ്ഐയുടെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ നേതൃത്വം. ആളെക്കൂട്ടാന്‍ തട്ടിപ്പ് നടത്തിയവരെ ജനം തിരിച്ചറിയുമെന്നാണ് സിപിഎമ്മിന്‍റെയും നിലപാട്. അതേസമയം, യഥാര്‍ഥ ഡിവൈഎഫ്ഐക്കാരെ കണ്ടതിലുള്ള അങ്കലാപ്പാണ് സിപിഎം നേതാക്കള്‍ക്കെന്നാണ് വിമതര്‍ പറയുന്നത്.
നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന കൊഴിഞ്ഞാമ്പാറയിലെ യുവജന റാലിയെയാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വിമര്‍ശിക്കുന്നത്. പങ്കെടുത്തവരില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നും വന്ന പതിനെട്ട് തികയാത്തവരാണ്. പ്രവര്‍ത്തിക്കുന്ന ഘടകമറിയില്ലെന്ന് മാത്രമല്ല പലരെയും പണം നല്‍കിയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നാണ് വിമര്‍ശനം. ശക്തി പ്രകടനത്തിന്‍റെ ഭാഗമായവര്‍ നടത്തിയ പ്രതികരണങ്ങളാണ് ഇതിന് തെളിവായിപ്പറയുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പങ്കെടുത്തവരില്‍ പ്രായപൂര്‍ത്തിയാവാത്ത നിരവധിപേരുണ്ടെന്ന വിമര്‍ശനം നവമാധ്യമങ്ങളിലും ഔദ്യോഗികപക്ഷം വിമതര്‍ക്കെതിരെ നിരത്തുന്നുണ്ട്.