നെല്ല് വിളഞ്ഞാൽ സംഭരിക്കാൻ സർക്കാർ സംവിധാനങ്ങള്‍ക്ക് കാലതാമസമെന്ന് ആക്ഷേപം. കടം വാങ്ങി കൃഷിയിറക്കിയവരുടെ അടിവേര് പിഴുതെടുക്കുന്ന മട്ടിലാണ് രണ്ടാം വിളയിൽ പലയിടത്തും നെല്‍ച്ചെടിയില്‍ രോഗബാധ തെളിയുന്നത്. ഓലപ്പേനും വേരുപ്പുഴുവുമെല്ലാം കതിരണിയും മുൻപ് പാലക്കാടൻ നെൽകർഷകരെ കണ്ണീരണിയിക്കുകയാണ്.
ചോര നീരാക്കി വിയർപ്പാറ്റി നട്ടുനനച്ച പാടത്തേക്ക് കർഷകന് കണ്ണുറപ്പിക്കാനാവുന്നില്ല. കണ്ണുള്ളവർ കണ്ണകറ്റുന്ന അനുഭവങ്ങൾ നിരവധിയാവുന്നിടത്താണ് കീടങ്ങളുടെയും പരാക്രമം. പേരുള്ളതും ഇല്ലാത്തതുമായ നിരവധി രോഗങ്ങൾ നെൽച്ചെടിയെ തളർത്തിക്കഴിഞ്ഞു. ഓലപ്പേൻ നിമിഷ നേരം കൊണ്ടാണ് നെൽത്തണ്ടിനെ ഉണക്കുന്നത്. പുറമെ തെളിയില്ലെങ്കിലും വേരുപ്പുഴു അടിയോടെ ബാധിച്ച് നാമ്പിടും മുൻപ് പച്ചപ്പിനെ തളർത്തുകയാണെന്നും കര്‍ഷകര്‍ പറയുന്നു. പാലക്കാട് വടവന്നൂർ മേഖലയിൽ ഹെക്ടർ കണക്കിന് കൃഷിയാണ് രോഗബാധയുടെ പിടിയിൽപ്പെട്ടത്. കളകളെ കൂട്ടുന്ന പായലിന്‍റെ വ്യാപനം വേരിലേക്ക് വളമെത്താതെയും തടസമുണ്ടാക്കുകയാണ്.
കൃഷി വകുപ്പിനോട് കർഷകർ പതിവ് സങ്കടം ആവർത്തിക്കുന്നുണ്ട്. കാര്യമായ പ്രയോജനമില്ല. അതിജീവന കഥയിലും അവശേഷിപ്പുകളിലും നഷ്ടം ശീലമായ കർഷകൻ പിടിച്ചു നിൽക്കാനുള്ള നാടൻ പ്രതിരോധങ്ങളാണ് പരീക്ഷിക്കുന്നത്. വിളവെടുത്താലും വേണ്ടെന്ന് ശഠിക്കുന്ന സർക്കാർ സപ്ലൈക്കോ സംവിധാനത്തിന് മുന്നേ തന്നെ കീടങ്ങളും പ്രകൃതിയുടെ പരാക്രമവും കർഷകരുടെ തായ് വേരുണക്കുകയാണ്.