പാലക്കാട് വാണിയംകുളം പഞ്ചായത്തിന്‍റെ പേരിൽ വ്യാജ കെട്ടിനിർമാണ പെർമിറ്റ് നിർമിച്ചെന്ന കേസിൽ അറസ്റ്റിലായ യുവ എൻജിനിയർ റിമാൻഡിൽ. കൂനത്തറ തോപ്പിൽ അനീഷിനെയാണ് ഒറ്റപ്പാലം കോടതി റിമാൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ സമാനരീതിയിലുള്ള തട്ടിപ്പ് അനീഷ് നടത്തിയിട്ടില്ലെന്നാണ് ഒറ്റപ്പാലം പൊലീസിന്‍റെ നിഗമനം.
കെട്ടിട ഉടമയിൽ നിന്നു പെർമിറ്റിനുള്ള ഫീസ് വാങ്ങിയ ശേഷം മറ്റൊരു പെർമിറ്റ് സ്വന്തം നിലയിൽ എഡിറ്റ് ചെയ്തു നൽകിയെന്ന പരാതിയിലാണ് കഴിഞ്ഞദിവസം അനീഷ് പിടിയിലായത്. അതേസമയം, ഇതിനു മുൻപോ ശേഷമോ ഇയാൾ സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടില്ലെന്നു അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
വ്യാജപെർമിറ്റ് വിശ്വസിച്ചു കെട്ടിട നിർമാണം പൂർത്തിയാക്കിയ ഉടമ കഴിഞ്ഞ മേയിൽ ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണു ക്രമക്കേട് തിരിച്ചറിഞ്ഞത്. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മേയ് 28ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത ഒറ്റപ്പാലം പൊലീസ് യുവാവിൻ്റെ ലാപ്ടോപ്പ് പോലുള്ള ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച ശേഷമാണു കഴിഞ്ഞ ദിവസം അറസ്റ്റിലേക്കു നീങ്ങിയത്.