TOPICS COVERED

​ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നു കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി ആരോപണം. നഗരസഭാ കൗൺസിൽ യോഗത്തിലായിരുന്നു ബിജെപി കൗൺസിലർ സി.സജിത്തിൻ്റെ രേഖകള്‍ നിരത്തിയുള്ള പരാതി. 

കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. ഉപയോഗയോഗ്യമല്ലാത്ത മരുന്നു നൽകിയതു ചോദ്യം ചെയ്തതോടെ ജീവനക്കാർ രോഗിയായ യുവാവിനോടു അപമര്യാദയായി പെരുമാറിയെന്നാണു പരാതി. തുടർന്ന് ആശുപത്രി സൂപ്രണ്ടിനോട് ഇയാൾ പരാതിപ്പെടുകയും പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തെന്നു സജിത്ത് യോഗത്തിൽ വിശദീകരിച്ചു.

അപമര്യാദയായി പെരുമാറിയ ജീവനക്കാർ സൂപ്രണ്ടിന്‍റെ നിർദേശപ്രകാരം മാപ്പു പറഞ്ഞാണ് പ്രശ്‌നത്തിൽ നിന്നു തലയൂരിയതെന്നാണു വെളിപ്പെടുത്തൽ. തുടർച്ചയായി പരാതികൾ ഉയരുന്ന ആശുപത്രിയിൽ ഇപ്പോഴും കാര്യങ്ങൾ സുഖകരമല്ലെന്നു വിമർശനം ഉയർന്നു. ആശുപത്രിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താതെ ഇപ്പോഴും രോഗികളെ അനാവശ്യമായി മറ്റ് ആശുപത്രികളിലേക്ക് ശുപാർശ ചെയ്യുകയാണെന്ന പരാതിയും ആവർത്തിച്ചു. കാലാവധി കഴിഞ്ഞ മരുന്നു നൽകിയ സംഭവത്തില്‍ പരാതി കിട്ടിയാൽ ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറി അന്വേഷണം നടത്തുമെന്ന് ഒറ്റപ്പാലം നഗരസഭാധ്യക്ഷ കെ.ജാനകീദേവി അറിയിച്ചു.

ENGLISH SUMMARY:

It has been alleged that expired medicines were distributed from the pharmacy of Ottapalam Taluk Hospital.