പാലക്കാട് വാളയാറില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക്. കാട്ടാന ചവിട്ടി വീഴ്ത്തിയ വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയാണ് സ്വന്തംനിലയില്‍ തുരത്താനിറങ്ങിയതെന്നും കര്‍ഷകര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നും വിജയനൊപ്പം ഉണ്ടായിരുന്ന അച്ഛന്‍ രത്നം മനോരമ ന്യൂസിനോട്.
കാട്ടാനക്കൂട്ടം തരിപ്പണമാക്കിയ കണ്ടം കണ്ടാല്‍ ആരുടെയും ഉള്ളുലയും. കരുതിവച്ചതും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് പാടത്ത് വിതച്ചപ്പോള്‍ നൂറുമേനിയിലൂടെ നിവര്‍ന്ന് നില്‍ക്കാമെന്ന് കര്‍ഷകന്‍ കരുതി. കലിയൊടുങ്ങാതെ കാടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം ഈ പ്രതീക്ഷകള്‍ കെടുത്തി. ഒരാഴ്ച കഴിഞ്ഞാല്‍ വിളവെടുക്കാന്‍ പാകമായ നെല്‍ക്കതിരുകള്‍ കണ്ടത്തില്‍ ചവിട്ടിത്താഴ്ത്തി. നിരന്തര ശല്യം സഹിക്ക വയ്യാതെയാണ് സ്വന്തംനിലയില്‍ കരുതിയ പടക്കങ്ങളുമായി വിജയനും അച്ഛനും മണ്ണ് കാക്കാനിറങ്ങിയത്. തുരത്തുന്നതിനിടയില്‍ തിരികെ വന്ന് ആന ആക്രമിക്കുകയായിരുന്നു.
കാലിനും, അരയ്ക്കും പരുക്കേറ്റ വിജയനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് ഒരാഴ്ചയിലേറെയായി കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ടെന്നും വിജയന് മതിയായ ചികില്‍സ ഉറപ്പാക്കുമെന്നും വാളയാര്‍ റേഞ്ച് ഓഫിസര്‍ അറിയിച്ചു.