വേലകളുടെ വേലയായ പാലക്കാട് നെന്മാറ വല്ലങ്ങി വേല ഇന്ന്. ദേശങ്ങള്‍ കടന്നും മാലോകര്‍ നെന്മാറയിലെത്തി കരക്കാരുടെ സ്നേഹം പങ്കിടുന്നത് ഊഷ്മളമായ അനുഭവമാണ്. നെന്മാറ വേല കാണാന്‍ കൊണ്ടുപോകാം. കരയരുത്. നിറയെ കാഴ്ചകളുണ്ട്. മേളപ്പെരുക്കമുണ്ട്. പിണങ്ങുന്ന കുരുന്നുകളെ ആശ്വസിപ്പിക്കാന്‍ പോലും വേലയുടെ പേരില്‍ അച്ഛനും അമ്മയും ഉറപ്പ് നല്‍കാന്‍ കണ്ടെത്തുന്നിടം. മുത്തശ്ശിക്കഥകളില്‍ വലുപ്പ ചെറുപ്പമില്ലാതെ ഇടംപിടിച്ചിരുന്ന കരക്കാരുടെ ഉല്‍സവം.
മുത്തുക്കുടയും, നെറ്റിപ്പട്ടവും, ആനച്ചമയം ഉള്‍പ്പെടെയുള്ള അലങ്കാരങ്ങളുമെല്ലാം കണ്ട് കണ്ണിലുറപ്പിക്കാന്‍ കരയകലെ നിന്നുവരെ നിരവധിപേരെത്തും. വേലത്തലേന്ന് കൊട്ടിക്കേറി ദേശക്കാരുടെ മേളപ്പെരുമ. ആണ്ടിവേല, താലപ്പൊലി, വിവിധ വേഷങ്ങളുടെ അകമ്പടിയിലുള്ള ഘോഷയാത്രയും, ദീപവിതാനങ്ങളും ഉള്‍പ്പെടെ കണ്ണിന് മിഴിവേകുന്നതാണ്. ഒരുതവണ കണ്ട് മടങ്ങിയവര്‍ മനസില്‍ കുറിച്ച് വീണ്ടുമെത്തുന്ന ആഘോഷപ്പൊലിമ. വിശേഷങ്ങള്‍ പങ്കിടാന്‍ വിളക്കണയും വരെ വിശ്രമമില്ലാതെ അമ്പലത്തിന്‍റെ മുന്നിലും കരയിലുമായി തുടരുന്ന ജനസഞ്ചയമുള്ള നാടാണിത്.
വേലയ്ക്ക് മുന്‍പ് മുന്നൊരുക്കം പോലെ നെന്മാറയില്‍ സാംപിള്‍ വെടിക്കെട്ട്. വേലയാഘോഷത്തിന് ദൂരെ ദേശക്കാര്‍ ഏറെയും എത്തിക്കഴിഞ്ഞു. നെന്മാറ, വല്ലങ്ങി ദേശങ്ങള്‍ മല്‍സരിച്ചാണ് ആനപ്പന്തലും രാത്രികാല ചമയങ്ങളും ഒരുക്കിയിരിക്കുന്നത്. ഇനി മണിക്കൂറുകള്‍ മാത്രമാണ് കാത്തിരിപ്പ്. കണ്ണിനും മനസിനും ഒരാണ്ട് ഒത്തൊരുമയുടെയും സ്നേഹത്തിന്‍റെയും പ്രതീക്ഷ നല്‍കാനുള്ള അനുഭവങ്ങള്‍ക്കായി.