നാടിന് ജലസമൃദ്ധിയേകാൻ പാകത്തിനുള്ള പാലക്കാട് ആനക്കര പന്നിയൂർ ചിറ സംരക്ഷണമില്ലാതെ നാശത്തിലേക്ക്. ഏക്കറുകണക്കിന് വിസ്തൃതിയുള്ള ജലാശയത്തെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ലെന്നാണ് ആക്ഷേപം. വേനലിലും നിറയെ വെള്ളമുണ്ടെങ്കിലും പുല്ലും പായലും മൂടി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
കുടിവെള്ളത്തിനും, കുളിക്കുന്നതിനും, കൃഷിക്കും നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന ചിറ. വര്‍ഷങ്ങളായി പ്രദേശത്തെ ജലസമൃദ്ധിയിലേക്കെത്തിക്കാന്‍ സഹായമായിരുന്ന ജലാശയം. കാലങ്ങള്‍ക്ക് ശേഷം പന്നിയൂര്‍ ക്ഷേത്രത്തിന്‍റെ കീഴിലായിരുന്ന ചിറ പിന്നീട് പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. 1995 മുതലാണ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ചിറയുടെ നവീകരണം ആരംഭിച്ചത്. പലഘട്ടങ്ങളിലായി അതിര്‍ത്തി കെട്ടുകയും കുളിക്കാനുള്ള സൗകര്യത്തിനായി പടവുകളും ഇട മതിലുകള്‍ നിര്‍മിക്കുകയും ചെയ്തു. മാറിമാറിവന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിതികള്‍ വേണ്ടത്ര താൽപര്യം കാണിക്കാത്തതാണ് ചിറയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് കാരണം. ചെളിയും ചേറും മാലിന്യവും അടിഞ്ഞുകൂടി തുറയുടെ ആഴവും കുറഞ്ഞു.
ചിറയിലെ വെള്ളം വറ്റുന്നതോടെ സമീപത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴുന്നത് പതിവായിട്ടുണ്ട്. ചിറയില്‍ അടിഞ്ഞുകൂടിയ ആഫ്രിക്കൻ പായലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടിയാല്‍ മാത്രമേ വരള്‍ച്ചയെ മറികടക്കാനാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. നീന്തൽപരിശീലനത്തിന് ഉള്‍പ്പെടെ ചിറയെ പ്രയോജനപ്പെടുത്താനാവും. ത്രിതല പഞ്ചായത്തുകളുടെ യോജിച്ച പ്രവത്തനം ഇക്കാര്യത്തിലുണ്ടാവണമെന്നാണ് ജനപ്രതിനിധികളുടെയും നിലപാട്.