alan-death

പാലക്കാട് മുണ്ടൂർ സ്വദേശി അലൻ ജോസഫസിന് നേരെ കാട്ടാന ആക്രമണമുണ്ടായത് അമ്മയ്ക്കൊപ്പം കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവേ. അലനും അമ്മ വിജിയും കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് കടയിലെത്തിയത്. സാധനങ്ങള്‍ വാങ്ങി വനമേഖലയോട് ചേർന്നുള്ള റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഇരുവര്‍ക്കും നേരെ കാട്ടാന ആക്രമണമുണ്ടായത്. അലനെയും അമ്മയെയും ആന ചവിട്ടി വീഴ്ത്തി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചിരുന്നു. 

വിജിയെ സാരമായ പരുക്കുകളോടെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അലന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് രണ്ട് മണി വരെ മുണ്ടൂർ പഞ്ചായത്തിൽ സി.പി.എം ഹർത്താൽ ആചരിക്കും. കാട്ടാന ആക്രമണമുണ്ടായ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ചും നടത്തും. ബി.ജെ.പി യുടെ നേതൃത്വത്തിൽ രാവിലെ പാലക്കാട് ഡി.എഫ്.ഒ ഓഫിസിലേക്കും മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം മുണ്ടൂര്‍ ഒടുവംകാട് മേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങിയിട്ടും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയില്ലെന്നും കൃത്യമായി വനംവകുപ്പ് ഇടപെട്ടിരുന്നുവെങ്കില്‍ യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.എ.ഗോകുല്‍ദാസ് പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് അലന്‍റെ അമ്മ വിജിയ്ക്ക് വിദഗ്ധ ചികില്‍സ നല്‍കുമെന്ന് തഹസില്‍ദാറും അറിയിച്ചു. കയറംകോട് ഒടുവംകാട് മേഖലയില്‍ വന്യമൃഗശല്യം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കിയതായും തഹസില്‍ദാര്‍ അറിയിച്ചു. 

ENGLISH SUMMARY:

Teen Killed in Wild Elephant Attack While Returning Home With Mother