ശക്തമായ കാറ്റിലും മഴയിലും അട്ടപ്പാടിയില്‍ വ്യാപക കൃഷിനാശം. താവളം, ജെല്ലിപ്പാറ, മഞ്ഞച്ചോല തുടങ്ങിയ സ്ഥലങ്ങളിലായി പതിനായിരത്തിലേറെ വാഴകളാണ് നിലംപൊത്തിയത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കിയവര്‍ ലക്ഷങ്ങളുടെ കടക്കെണിയിലായി.
പടിഞ്ഞാറൻ അട്ടപ്പാടിയിൽ വാഴകൃഷിക്കാണ് കൂടുതൽ നാശമുണ്ടായത്. താവളം അടിയകണ്ടിയൂരിൽ പാട്ടത്തിന് കൃഷി ചെയ്യുന്ന കുലിക്കിലിയാട് സ്വദേശി അബ്ദുൾ ഷെരീഫിന്‍റെ മൂവായിരത്തിലേറെ നേന്ത്രവാഴ കാറ്റില്‍ ഒടിഞ്ഞ് വീണു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കുലകള്‍ വിളവെടുപ്പിന് പാകമാകുമെന്നിരിക്കെയാണ് കാറ്റ് നാശമുണ്ടാക്കിയത്. അയ്യായിരത്തിലേറെ വാഴ കൃഷി ചെയ്ത ഷെരീഫിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതോടൊപ്പം നിരവധി തെങ്ങും, പ്ലാവും, കവുങ്ങും നിലംപൊത്തി.
താവളം, പാക്കുളം: വീട്ടിയൂർ, ആനക്കല്ല്, കണ്ടിയൂർ, ഒമ്മല, ഓടപ്പെട്ടി, ജെല്ലിപ്പാറ, മഞ്ഞച്ചോല എന്നിവിടങ്ങളിലും പതിനായിരത്തിലേറെ വാഴ നശിച്ചു.
ഓടപ്പെടി ഇമ്മാനുവൽ, ജെല്ലിപ്പാറ മുണ്ടൻമാര പ്രഭാകരൻ എന്നിവരുടെ വീടുകൾക്ക് കേടുപാടുണ്ടായി. 2018 മുതലുള്ള നഷ്ടങ്ങള്‍ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് കർഷകര്‍ പറയുന്നു.അടിയന്തര സഹായമെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റവന്യൂ, കൃഷിവകുപ്പുകള്‍ അറിയിച്ചു.