കായിക സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കാൻ നാട് കൈകോർത്തപ്പോൾ ഒറ്റപ്പാലം ചുനങ്ങാട് മുട്ടിപ്പാലത്തുകാർക്ക് വിശാലമായ മൈതാനം സ്വന്തമായി. മുട്ടിപ്പാലം ഷൂട്ടേഴ്‌സ് ക്ലബ് ആൻഡ് ചാരിറ്റബിൾ ട്രസ്‌റ്റിന്‍റെ നേതൃത്വത്തിലാണു കയിക വിനോദങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും പ്രയോജനപ്പെടുത്താനായി കളിക്കളമെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. പൊതുസ്വത്തായി മാറിയ കളിക്കളത്തിൻ്റെ സമർപ്പണം നാളെ വൈകിട്ട് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും.
കളിയാണു ലഹരിയെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് മുട്ടിപ്പാലം ഗ്രാമം. 40 ലക്ഷം രൂപ ചെലവിൽ 38 സെന്‍റ് സ്ഥലമാണു മൈതാനത്തിനായി വാങ്ങിയത്. അരനൂറ്റാണ്ടിലേറെക്കാലമായി കലാ-കായിക, ഉത്സവ പരിപാടികൾ നടന്നിരുന്ന മനയ്ക്കൽപ്പടിയിലെ സ്ഥലമാണ് ജനകീയ കൂട്ടായ്മയിൽ നാട് സ്വന്തമാക്കിയത്. 2022ലാണു കളിക്കാനും സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിനും മൈതാനം വേണമെന്ന ആവശ്യം നാട്ടിൽ സജീവ ചർച്ചയായത്. കാലങ്ങളായി കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സ്വകാര്യ ഭൂമി തന്നെ വാങ്ങാമെന്ന ധാരണയിലുമെത്തി. സ്ഥലം ഉടമ കൂടി സമ്മതം അറിയിച്ചതോടെ ധനസമാഹരണം തുടങ്ങി. ഒരേക്കർ സ്ഥലം വാങ്ങാനായിരുന്നു ആദ്യഘട്ടത്തിൽ പദ്ധതി. സംഘാടകസമിതി രൂപീകരിച്ചു സ്‌പോൺസർമാരെ കണ്ടെത്തിയും നാട്ടുകാരിൽ നിന്നു ചെറു തുകകൾ സമാഹരിച്ചും നാട് ലക്ഷ്യത്തിലേക്കു നീങ്ങി. കഴിഞ്ഞ ദിവസമാണു ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായത്. സെവൻസ് ഫുട്ബാൾ മൈതാനമാക്കി ഉയർത്താൻ 12 സെന്‍റ് സ്ഥലം കൂടി ആവശ്യമാണ്. ഇതുകൂടി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ. ഉടൻ തന്നെ അതിനുള്ള നടപടികളിലേക്ക് നീങ്ങും. വേനലവധിക്കാലം തുടങ്ങിയതോടെ മൈതാനം കളിക്കാനായി കുട്ടികൾക്കു തുറന്നുകൊടുത്തു.