KALPETTAOUT

TOPICS COVERED

പരുക്കേൽക്കാതെ കൽപ്പറ്റ ബൈപ്പാസ് കടക്കുന്നവർക്ക് ലോകത്തെ ഏറ്റവും മൂല്യമേറിയ ലൈസൻസ് നൽകണമെന്നാണ് നാട്ടുകാരുടെ പക്ഷം. അത്രക്ക് ദുർഘടമാണ് റോഡിലൂടെയുള്ള സഞ്ചാരം. കുഴികളെണ്ണി ഇഴഞ്ഞുള്ള അപകട യാത്രക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരൊറ്റ കുഴി പോലും അടച്ചില്ലെന്നാണ് പരാതി.

 

ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ ബൈപ്പാസ്, ആകെ ദൂരം 3.8 കിലോ മീറ്റർ. 2014 ൽ പണി പൂർത്തിയാക്കിയ റോഡിന്റെ ഇന്നത്തെ സഥിതി പരിതാപകരമാണ്. വലതും ചെറുതുമായ 300 ലധികം കുഴികൾ, അഞ്ചു മീറ്റർ വരെ നീളമുള്ളതും ടയറു മൂടാൻ പാകത്തിൽ ആഴമുള്ളതുമുണ്ട് കൂട്ടത്തിൽ. കുഴികളില്ലാത്തത് 200 മീറ്റർ ദൂരത്ത് മാത്രം.

ജീവൻ പണയം വെച്ചാണ് യാത്ര, നടുവൊടിഞ്ഞും വാഹനങ്ങൾ തകരാറിലായുമുള്ള ദുരിതം. മഴക്കാലമാണെങ്കിൽ ദുരന്തം ഇരട്ടി. വർഷങ്ങളായിട്ടും ഈ ദുരിതത്തിന് പരിഹാരമുണ്ടാക്കാനായിട്ടില്ല.    

മലയോരപാതയുടെ ഭാഗമായി ബൈപാസ് റോഡ് നാലുവരിപ്പാതയാക്കാൻ തീരുമാനിച്ചതോടെയാണു റോഡിന്റെ ശനിദശ തുടങ്ങിയത്. നവീകരണം പാതി വഴിയിൽ നിലച്ചതോടെ റോഡ് ഈ നിലയിലായി.

ശോച്യാവസ്ഥയിലായതോടെ യാത്രക്കാർ ബൈപ്പാസ് യാത്ര ഉപേക്ഷിച്ചു. ഭാരവാഹനങ്ങൾ അടക്കം ബൈപാസ് റോഡ് ഒഴിവാക്കി നഗരത്തിലൂടെയാണു പോകുന്നത്. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നാലു കിലോ മീറ്ററോളം ദൂരം ശ്വാസമടക്കി പിടിച്ചുള്ള യാത്രയ്ക്ക് എന്ന് പരിഹാരമാകും എന്ന ചോദ്യത്തിന് അധികൃതർക്ക് ഇതു വരെ മറുപടി പോലുമില്ല.

ENGLISH SUMMARY:

The condition of Kalpatta bypass is getting worst