വയനാട് നൂൽപ്പുഴക്കടുത്തെ പങ്കളം വനഗ്രാമത്തിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ ഒഴിഞ്ഞു തുടങ്ങി. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ ഭാഗമായാണ് ആദിവാസി കുടുംബങ്ങൾ മറ്റൊരിടത്തേക്ക് മാറി താമസിക്കുന്നത്. അവശേഷിക്കുന്ന കുടുംബങ്ങൾ കൂടി വിട്ടുപോകുന്നതോടെ പങ്കളം ഗ്രാമം കൊടും കാടായി മാറും.
സുൽത്താൻ ബത്തേരിക്കടുത്തെ പങ്കളം.. നാലു ഭാഗവും വനത്താൽ ചുറ്റപ്പെട്ട കൊച്ചു ഗ്രാമം. ഒരു കാലത്ത് ഇവിടെ നിറയെ വീടുണ്ടായിരുന്നതാണ്, കൃഷി ചെയ്തിരുന്നതാണ്..കുട്ടികളും കളിചിരികളുമുണ്ടായിരിന്നതാണ്. എന്നാൽ ഇന്നങ്ങനല്ല സ്ഥിതി. വന്യജീവി ആക്രമണം രൂക്ഷമായതോടെ പ്രദേശത്തുള്ളവരെ സ്വയം പുനരധിവസിപ്പിക്കുന്ന നടപടി അന്തിമ ഘട്ടത്തിലെത്തി
ഓരോ കുടുംബത്തിനും പതിനഞ്ച് ലക്ഷം രൂപ വീതം നൽകിയാണ് സ്വയം സന്നദ്ധ പുനരധിവാസം. വന്യജീവി സാന്നിധ്യമില്ലാത്ത, സ്വയം കണ്ടെത്തിയ ഇടങ്ങളിലേക്ക് കുടുംബങ്ങൾ മാറി താമസിച്ചു. അവശേഷിക്കുന്നത് ഏഴു കുടുംബങ്ങൾ മാത്രം. 2012 ലെ പദ്ധതിയാണിത്. നിലവിൽ സ്ഥിരം താമസക്കാരായിരുന്ന എല്ലാവരുടെ അക്കൗണ്ടുകളിലും പണമെത്തി. പലരും പലയിടങ്ങളിലായി വീടു പണിതു വരികയാണ്.. അവശേഷിക്കുന്നവർ കൂടി ഈ മണ്ണ് വിടുന്നതോടെ പങ്കളമെന്ന ഗ്രാമം അപ്രത്യക്ഷമാകും. പിന്നെ ഇവിടം കാടാകും. മുമ്പ് അതിക്രമിച്ച് കയറി വന്ന വന്യജീവികൾക്ക് ഈ നാട് സ്വന്തമാകും. അതോടെ സ്വയം സന്നദ്ധ പുനരധിവാസം എന്ന ആശയവും വിജയത്തിലെത്തും..